തിരുവനന്തപുരം: നിലവിൽ പുറത്തിറക്കിയ എസ്ഐആർ കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് വീണ്ടും പേര് ചേർക്കാൻ അവസരമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രത്തൽ ഖേൽക്കർ. ഇതിനായി ഫോം 6 പൂരിപ്പിച്ചു നൽകണം. ഇതിനൊപ്പം സത്യവാങ്മൂലവും സമർപ്പിക്കേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം.
അതേസമയം വിദേശത്തുള്ളവർക്ക് പേരുവിവരങ്ങൾ ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വൈബ്സൈറ്റിൽ ലഭ്യമാണ്. സൈറ്റ് വഴി ചെയ്യാൻ അറിയില്ലാത്തവർ ബിഎൽഒമാരെ സമീപിച്ചും ഫോമുകൾ പൂരിപ്പിച്ചു നൽകാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
വിലാസം മാറ്റാനും തെറ്റുതിരുത്താനും ഫോം 8 നൽകണം. ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭിക്കും. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്ത അപേക്ഷകരെ അദാലത്തിനു വിളിക്കും. ഇതിനുശേഷം ഒഴിവാക്കുകയാണെങ്കിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാം.
ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളിൽ ചീഫ് ഇലട്രൽ ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിവരെ പട്ടികയിൽ പേര് ചേർക്കാനും മാറ്റംവരുത്താനും അവസരമുണ്ട്.
ഹിയറിങ്ങിൽ പരാതി ഉണ്ടെങ്കിൽ പതിനഞ്ചു ദിവസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകണം. ഇതിലും പരാതിയുണ്ടെങ്കിൽ മുപ്പത് ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫീസറെ സമീപിക്കാം. കരട് വോട്ടർ പട്ടിക പരിശോധിച്ച് വോട്ടുണ്ടോ എന്ന് ഉറപ്പിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.


















































