തിരുവനന്തപുരം: ജയിലിൽ തടവുകാർക്ക് സുഖജീവിതത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി വിനോദ് കുമാറിനെതിരെ ഡിസംബർ 17നാണ് വിജിലൻസ് കേസെടുത്തത്.
പരോൾ നൽകാനും പ്രതികൾക്ക് ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും കൈക്കൂലി വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധനയും കേസും. അതുപോലെ ലഹരിക്കേസിൽ ജയിലിൽ കഴിയുന്നവർക്കു പരോൾ വേഗം ലഭ്യമാക്കാൻ ഇടപെടാമെന്നറിയിച്ചും കൈക്കൂലി വാങ്ങിയെന്നാണു വിജിലൻസിനു ലഭിച്ച വിവരം. ഈ തുക ഗൂഗിൾ പേ വഴി ഡിഐജിയുടേയും ഭാര്യയുടെയും അക്കൗണ്ടിലേക്കു വാങ്ങിയതായാണു അന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നാലെ അക്കൗണ്ട് പരിശോധിച്ചപ്പോൾ 1.80 ലക്ഷം രൂപയെത്തിയ വിവരം ലഭിച്ചു.


















































