തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരം രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനായി ഇവർ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായും വിഡി സതീശൻ പറഞ്ഞു. ഇനിയും ഈ ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടരുകയാണെങ്കിൽ ആ പേരുകൾ പരസ്യമായി വെളിപ്പെടുത്താൻ താൻ നിർബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതുപോലെ ശബരിമലയിലെ സ്വർണ്ണം കവർന്ന കേസിൽ നിലവിലെ അന്വേഷണം മന്ദഗതിയിലാണ്. ഇതിനായി തെരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവ്വമായ സമ്മർദ്ദങ്ങൾ ഉണ്ടായെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണം ഹൈക്കോടതി ശരിവെച്ചതായും സതീശൻ അവകാശപ്പെട്ടു. ഹൈക്കോടതി നേരിട്ട് ഇടപെട്ട് ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചത് കൊണ്ടാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് പോകുന്നത്.
അതേസമയം സർക്കാർ നിയന്ത്രണത്തിലായിരുന്നു എസ്ഐടി എങ്കിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്നും കേവലം ചില ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൻസ്രാവുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അന്വേഷണം പാളിയാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ യുഡിഎഫിലെ ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായുള്ള ചർച്ചകളുടെ തീയതി ഉടൻ നിശ്ചയിക്കും. കോൺഗ്രസാണ് ഇതിന് മുൻകൈ എടുക്കുന്നത്. അതേസമയം, സംഘപരിവാർ പശ്ചാത്തലമുള്ള വിഷ്ണുപുരം ചന്ദ്രശേഖരനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നീക്കം പൂർണ്ണമായും ഉപേക്ഷിച്ചതായി സതീശൻ വ്യക്തമാക്കി. മനസുകൊണ്ട് ഇപ്പോഴും ആർഎസ്എസുകാരനായ ഒരാളെ മുന്നണിയിലേക്ക് പരിഗണിക്കുന്നത് പോലും തെറ്റാണെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ നൽകിയ ഉപദേശങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്നും വരുംദിവസങ്ങളിൽ കൂടുതൽ സൂക്ഷ്മത പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രി വിളിച്ച ഓണസദ്യയിൽ പങ്കെടുത്തതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയായി, അത് കേവലം ഒരു രാഷ്ട്രീയ മര്യാദ മാത്രമാണെന്ന് സതീശൻ വിശദീകരിച്ചു. പ്രധാനമന്ത്രിയോ, സ്പീക്കറോ, മുഖ്യമന്ത്രിയോ ഗവൺമെന്റിന് വേണ്ടി വിളിക്കുന്ന ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നത് ജനാധിപത്യപരമായ മര്യാദയാണ്. പ്രിയങ്ക ഗാന്ധി സ്പീക്കറുടെ ചായ സൽക്കാരത്തിൽ പങ്കെടുത്തതിനെയും അദ്ദേഹം ഇതിനോട് ഉപമിച്ചു. രാഷ്ട്രീയമായ പോരാട്ടം തുടരുമ്പോഴും ഔദ്യോഗിക പദവികളിലിരിക്കുന്നവർ വിളിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.


















































