ഡൽഹി: കൈക്കൂലിക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സൈനിക ദമ്പതികളുടെ വീട്ടിൽ റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥർക്ക് പണമെണ്ണി വായിൽകൂടിയും മൂക്കിൽ കൂടിയും നുരയും പതയും വന്ന അവസ്ഥായി. 500 നോട്ടുകൾ കുന്നോളം ഉയരത്തിലാണ് അടുക്കിവച്ചിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന ലഫ്റ്റനന്റ് കേണൽ ദീപക് കുമാർ ശർമയുടെ വീട്ടിലായിരുന്നു റെയ്ഡ്. ദീപക്കിന്റെ ഭാര്യ കേണൽ കാജൽ ബാലിയെയും പ്രതിചേർത്താണ് സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
ദമ്പതികളുടെ ഡൽഹിയിലെ വീട്ടിൽനിന്ന് 2.23 കോടി രൂപ ക്യാഷ് ആയി കണ്ടെടുത്തു. 500ന്റെ നോട്ടുകൾ അട്ടിയടുക്കിവച്ച നിലയിലായിരുന്നു. ഇതിനു പുറമേ കൈക്കൂലിയായി വാങ്ങിയതെന്ന് കരുതുന്ന മറ്റൊരു 3 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ വരുന്ന തുകകളുടെ നോട്ടുകെട്ടുകളും സിബിഐ കണ്ടെടുത്തു. ഡിസംബർ 19ന് ആയിരുന്നു റെയ്ഡ്.
സ്വകാര്യ കമ്പനികൾക്ക് പ്രതിരോധ ഉൽപന്ന നിർമാണക്കരാർ തരപ്പെടുത്തി കൊടുക്കാനായി ദീപക് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നെന്ന് സിബിഐ വ്യക്തമാക്കി. ദീപക്കിന് കൈക്കൂലി നൽകിയ വിനോദ് കുമാർ എന്നയാളെയും കേസിൽ പ്രതിചേർത്തു. ഡൽഹിക്ക് പുറമേ ബെംഗളൂരു, ജമ്മു തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടന്നു.
അതേസമയം പിടികൂടിയ നോട്ടുകൾ എണ്ണാനായി യന്ത്രങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ തുടർച്ചയായ ഉപയോഗം മൂലം ഈ യന്ത്രങ്ങൾ ചൂടുപിടിക്കുന്ന സ്ഥിതിയായി. കേണൽ കാജൽ രാജസ്ഥാനിൽ കമാൻഡിങ് ഓഫിസറായി പ്രവർത്തിക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ ഡിഫൻസ് പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റിൽ ഡപ്യൂട്ടി പ്ലാനിങ് ഓഫിസറാണ് കേണൽ ദീപക് ശർമ. ഇവർ ദുബായ് കേന്ദ്രമായുള്ളൊരു കമ്പനിയിൽ നിന്ന് കൈക്കൂലി വാങ്ങിയാണ് ഓർഡറുകൾ തരപ്പെടുത്തി നൽകിയിരുന്നതെന്ന് സിബിഐ പറയുന്നു.
ഈ കമ്പനിയാണ് ദീപക് വഴി സ്വകാര്യ കമ്പനികൾക്ക് ഓർഡർ ലഭ്യമാക്കിയിരുന്നത്. കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാക്കുന്ന രേഖകൾ, പണമിടപാടും ആശയവിനിമയവും സംബന്ധിച്ച ഡോക്യുമെന്റുകൾ തുടങ്ങിയവയും റെയ്ഡിൽ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ദീപക്, വിനോദ് എന്നിവരെ റിമാൻഡ് ചെയ്തു.


















































