കൊച്ചി: തൂലികകൾകൊണ്ടും അഭ്രപാളിയിലെ നിറസാന്നിദ്ധ്യം കൊണ്ടും അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമലോകത്ത് നിറഞ്ഞുനിന്ന, ചിരിയുടെ, ചിന്തയുടെ ശ്രീനി യാത്രപറഞ്ഞു. ഓരേസമയം നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഇനി മലയാളികൾക്കു ഓർമ. രാവിലെ 11.45 ഓടെ ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അവസാനമായി ശ്രീനിവാസനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്. അതിനാൽതന്നെ നിശ്ചയിച്ചതിലുമേറെ വൈകിയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. മകൻ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീകൊളുത്തി.
നടി പാർവതി തിരുവോത്ത്, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സൂര്യ സംവിധായകൻ ഫാസിൽ, രാജസേനൻ തുടങ്ങിയവർ ശ്രീനിവാസന് ഇന്ന് അന്തിമോപചാരം അർപ്പിച്ചു. വാക്കാൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത നഷ്ടമാണ് മലയാളത്തിനുണ്ടായതെന്ന് പാർവതി പറഞ്ഞു. ലയാള സിനിമയ്ക്ക് ശ്രീനിവാസൻ ഒരുപാട് സംഭാവനകൾ തന്നെന്നും അതിന് അനുസരിച്ച് തിരിച്ച് നൽകാൻ നമുക്ക് സാധിച്ചില്ലെന്ന് ജഗദീഷ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 8.30ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.

















































