പാകിസ്താന്‍: ബലൂചിസ്ഥാൻ പ്രവിശ്യയിലെ പ്രധാന റെയിൽവേ ട്രാക്കുകളില്‍ രണ്ട് ബോംബ് സ്‌ഫോടനങ്ങൾ. മുഷ്‌കാഫ്, ദാഷ്ത് പ്രദേശങ്ങളിലായിരുന്നു സംഭവം. സ്‌ഫോടനങ്ങൾ പെഷാവറിലേക്കുള്ള ജാഫർ എക്‌സ്പ്രസ്, കറാച്ചി ലക്ഷ്യമാക്കിയുള്ള ബോളൻ മെയിൽ എന്നിവയെയാണ് ലക്ഷ്യമിട്ടത്. സ്‌ഫോടനത്തിൽ നിന്ന് ഇരു ട്രെയിനുകളും തലനാരിഴയ്ക്കാണ് ലക്ഷ്യമിട്ടത്. ഇതോടെ രാജ്യത്തെ റെയിൽ ഗതാഗതം ഭാഗികമായി താറുമാറായി. മുഷ്‌കാഫിൽ ഏകദേശം മൂന്ന് അടി ട്രാക്കാണ് ആദ്യ സ്‌ഫോടനത്തിൽ തകർന്നത്.
തുടർന്ന് ദാഷ്ത് പ്രദേശത്തുണ്ടായ സ്‌ഫോടനം പ്രധാന ലൈനിൽ കൂടുതൽ നാശനഷ്ടം വരുത്തി. സംഭവങ്ങൾക്ക് ശേഷം റെയിൽവേ അധികൃതർ കർശന സുരക്ഷാ പ്രോട്ടോക്കോൾ നടപ്പിലാക്കി. ക്വെറ്റയിൽ നിന്നുള്ള ട്രെയിനുകൾക്ക് ഇനി മുതൽ കർശന സുരക്ഷാ അനുമതിക്ക് ശേഷം മാത്രമേ യാത്ര തിരിക്കാൻ കഴിയൂ എന്ന് അറിയിച്ചിട്ടുണ്ട്, ക്വെറ്റ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) ഷാഹിദ് നവാസ് പറഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ പ്രദേശത്തെ സർവീസുകൾ പുനഃരാരംഭിക്കുന്നതിന് കൂടുതൽ സുരക്ഷാ അനുമതികൾ ആവശ്യമാണ്. ബലൂച് വിഘടനവാദ ഗ്രൂപ്പുകളാണ് (ബലൂച്ച് ലിബറേഷൻ ആർമി അഥവാ ബിഎൽഎ) സംഭവത്തിന് പിന്നിൽ. ജാഫർ എക്‌സ്പ്രസിനെ ലക്ഷ്യമാക്കി ഇവർ നേരത്തേയും ആക്രമണം നടത്തിയിട്ടുണ്ട്. ഈ വർഷം മാർച്ചിൽ ബോളൻ പാസിൽ ജാഫർ എക്‌സ്പ്രസ് തട്ടിക്കൊണ്ടുപോയി ഏകദേശം 400 യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. സംഭവത്തിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 10 യാത്രക്കാരും ഇരുപതോളം പാക് സൈനികരും 30ലേറെ വിഘടനവാദികളുമുണ്ടായിരുന്നു.

















































