പാലക്കാട്: പതിനായിരത്തിലധികം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയധികം മർദനമേറ്റ ശരീരം ആദ്യമായാണ് കാണുന്നത്. നടുക്കുന്ന കാഴ്ചയായിരുന്നു അത്’ -വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിന്റെ മൃതദേഹം പോസ്റ്റുമോർട്ടംചെയ്ത ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. കാലിന്റെ ചെറുവിരൽമുതൽ തലയോട്ടിവരെ തകർന്നിട്ടുണ്ട്. വാരിയെല്ലുകൾ എല്ലാം തകർന്നു. നട്ടെല്ല് ഒടിഞ്ഞു. വടികൊണ്ടുള്ള അടികളാണ് ഏറെയും. ശരീരത്തിന്റെ ഒരുഭാഗത്തും അടിയേറ്റ പാടില്ലാതെയില്ല. മരണശേഷവും മർദിച്ചിട്ടുണ്ട്. -ഡോക്ടർ പറയുന്നു.
പൈശാചിക ആൾക്കൂട്ട മർദനത്തെക്കുറിച്ച് പോലീസ് നൽകുന്ന വിശദീകരണങ്ങൾ ഡോക്ടറുടെ വെളിപ്പെടുത്തലോടെഇതിനോടകം സംശയനിഴലിലാണ്. തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബുധനാഴ്ച രാത്രി രാംനാരായൺ ആശുപത്രിയിൽ മരണപ്പെട്ടതായി പോലീസ് ഔട്ട്പോസ്റ്റിൽനിന്ന് അറിയിച്ചെന്നാണ് എഫ്ഐആർ. എന്നാൽ, സംഭവസ്ഥലത്തുവെച്ച് രാംനാരായണൻ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും മർദനം തുടർന്നെന്നും ഡോക്ടറുടെ വെളിപ്പെടുത്തലിൽ വ്യക്തമാണ്. വാളയാർ അട്ടപ്പള്ളത്ത് ഛത്തീഡ്ഗഢിലെ ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭയ്യാരുടെ (31) മരണകാരണം തലച്ചോറിലുണ്ടായ രക്തസ്രാവമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
തൃശ്ശൂർ മെഡിക്കൽകോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ചന്ദ്രന്റെ മേൽനോട്ടത്തിലാണ് വെള്ളിയാഴ്ച പോസ്റ്റുമോർട്ടം നടത്തിയത്. ശക്തിയിൽ അടിച്ച് പരിക്കേൽപ്പിച്ചതിന്റെ 40-തിലേറെ പാടുകളുണ്ട്. തലയിലും ആന്തരാവയവങ്ങളിലും ഇതുമൂലം രക്തസ്രാവമുണ്ടായി. വീഡിയോദൃശ്യങ്ങളടക്കം ചിത്രീകരിച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടി. മൃതദേഹം വാളയാർപോലീസ് ഏറ്റുവാങ്ങി മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.













































