തിരുവനന്തപുരം: ജാമ്യത്തിലിറങ്ങയതിനു പിന്നാലെ നടൻ ദിലീപിനായി മാധ്യമങ്ങൾക്കു മുന്നിൽ വാദിച്ച് രാഹുൽ ഈശ്വർ. നടിയെ ആക്രമിച്ച കേസിലെ വിധിയിലായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം. കേസിൽ ദിലീപിനെതിരെയുള്ള തെളിവുകൾ പോലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിൻ്റെ കാര്യത്തിൽ താൻ പറഞ്ഞത് ശരിയാണ്. കേസിൽ ദിലീപിനെതിരെ തെളിവുകൾ പോലീസ് കൃത്രിമമായി ഉണ്ടാക്കി. വ്യാപകമായി പ്രചരിച്ച പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പോലീസ് ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചതാണ്. ഒരു വനിത ജഡ്ജിക്കെതിരെ വ്യാപകമായ സൈബർ പ്രചരണം നടത്തുന്നു. അതുപോലെ ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ട്. സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനെങ്കിലും ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും രാഹുൽ ചോദിച്ചു.
അതുപോലെ തനിക്കെതിരെ കോടതിയിൽ പോലീസും പ്രോസിക്യൂഷനും കള്ളം എഴുതി കൊടുക്കുകയാണ് ചെയ്തത്. പതിനൊന്നാം തിയതി ജാമ്യം കിട്ടേണ്ടതായിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ പറഞ്ഞു. 16 ദിവസം എന്തൊരു അനീതിയാണ് നടന്നതെന്ന് അന്വേഷിക്കണമെന്നും സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
















































