തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. ഹർജിയിൽ കോടതി തിങ്കളാഴ്ച വിശദമായ വാദംകേട്ടു. ഈ കേസിൽ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് തടയണമെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ വാദം. എന്നാൽ, ആ വാദം കോടതി അംഗീകരിച്ചില്ല. എന്നാൽ, ജാമ്യാപേക്ഷയിൽ ഉത്തരവ് ഉണ്ടാകുന്നതുവരെ നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി പ്രത്യേകം നിർദേശിച്ചു. ഇതോടെ പോലീസിന് രാഹുലിനെതിരേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
രാഹുലിന്റെ പേരിലുള്ള രണ്ടാം ബലാത്സംഗക്കേസിലാണ് തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിക്കപ്പെട്ടിരുന്നത്. നേരത്തേ ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.
ആദ്യ കേസിൽ അറസ്റ്റ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ടാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യ ഹർജി ഫയൽചെയ്യുകയായിരുന്നു.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ പോലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി ബലാത്സംഗംചെയ്തെന്നും ശാരീരികമായി പരുക്കേൽപ്പിച്ചെന്നും നിരന്തരം ശല്യംചെയ്തെന്നുമാണ് പരാതിക്കാരിയുടെ മൊഴി.



















































