കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് ആലുവയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടു. രാവിലെ ഒന്‍പതരയോടെയാണ് ദിലീപ് വീട്ടില്‍നിന്ന് യാത്രതിരിച്ചത്. രാവിലെ തന്നെ അവിടെ എത്തിച്ചേര്‍ന്നിരുന്ന സഹോദരന്‍ അനൂപ്, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത് തുടങ്ങിയവരും നടനും രണ്ട് കാറുകളിലായാണ് യാത്രതിരിച്ചത്. കേസിന്റെ അന്തിമവിധി പറയുന്ന ദിവസമായതിനാല്‍ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകും.
വിധി പ്രഖ്യാപിക്കാനിരിക്കെ എറണാകുളം പ്രിന്‍സിപ്പല്‍ കോടതി പരസരത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്. എറണാകുളം സെന്‍ട്രല്‍ എസി രാജ് കുമാര്‍ അടക്കമുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും കോടതി പരിസരത്തേക്ക് എത്തി. വിധി അറിയാനായി പൊതുജനങ്ങളുടെ തിരക്ക് കോടതിപരിസരത്തുണ്ടാകുമെന്നുള്ള നിഗമനത്തിലാണ് വലിയ സുരക്ഷ ഒരുക്കുന്നത്. തിരക്കിനെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനാല്‍ രാവിലെ മുതല്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കോടതി പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പതിനൊന്ന് മണിയോടെയാണ് കേസിന്റെ വിധി പ്രസ്താവ നടപടികള്‍ ആരംഭിക്കുക. എട്ടുവര്‍ഷം നീണ്ട കേസാണിത്. ആറുവര്‍ഷമായി അതിജീവിത നടത്തുന്ന നിയമപോരാട്ടത്തിനൊടുവിലാണ് കേസിലെ അന്തിമവിധി തിങ്കളാഴ്ച ഉണ്ടാകാനിരിക്കുന്നത്.
















































