വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ വിജയത്തിനു പിന്നാലെ വൈകാരിക പ്രതികരണം നടത്തി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. പരുക്കിനെ തുടർന്ന് ടെസ്റ്റ് പരമ്പരയിൽ ടീം ക്യാപ്റ്റനും പ്രധാന ബാറ്ററുമായ ശുഭ്മൻ ഗിൽ കളിക്കാതിരുന്നതു ടീമിനു തിരിച്ചടിയായെന്നു ഗംഭീർ പറയുന്നു. ഇതൊന്നും മനസിലാക്കാതെ ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയാത്തവരാണു വിമർശനം ഉന്നയിക്കുന്നതെന്നും ഗംഭീർ പറഞ്ഞു. കഴുത്തിനു പരുക്കേറ്റതിനെ തുടർന്ന് ടെസ്റ്റ് ടീമിൽനിന്ന് ശുഭ്മൻ ഗിൽ പുറത്തായിരുന്നു.
‘‘ഇവിടെ ഒരുപാടു ചർച്ചകൾ നടക്കുന്നുണ്ട്. മത്സരഫലങ്ങൾ നമുക്ക് അനുകൂലമായിരുന്നില്ല, അക്കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ ക്യാപ്റ്റൻ ഇല്ലാതെയാണ് നമ്മൾ കളിച്ചതെന്ന കാര്യം ആരും പറഞ്ഞില്ല. ഞാൻ വാർത്താ സമ്മേളനത്തിൽ എന്റേതായ ന്യായീകരണങ്ങൾ നിരത്താൻ ആഗ്രഹിക്കുന്നില്ല. എന്നുവച്ച് നിങ്ങൾ ലോകത്തോടു വസ്തുതകൾ പറഞ്ഞുകൂടാ എന്നില്ല.’’– ഗംഭീർ മാധ്യമങ്ങളോടു പറഞ്ഞു.
‘‘അതുപോലെ നമ്മൾ ഒരു മാറ്റത്തിലൂടെ കടന്നുപോകുകയാണ്. അതിനിടയിൽ ക്യാപ്റ്റനെയും നഷ്ടമായി. ഗിൽ ഫോമിലുള്ള ബാറ്റർ കൂടിയാണ്. അവസാന ഏഴു ടെസ്റ്റുകളിൽനിന്ന് ആയിരത്തോളം റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ പോലുള്ള ടീമുകൾക്കെതിരെ ഇത്തരം സാഹചര്യമുണ്ടായാൽ, ഉദ്ദേശിച്ച മത്സരഫലം ലഭിക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ആരും ഇതേക്കുറിച്ചു മാത്രം സംസാരിക്കാത്തത് അദ്ഭുതപ്പെടുത്തുന്നു.’’
‘‘ഇവിടെ വിക്കറ്റിനെക്കുറിച്ചാണ് എല്ലാ ചർച്ചയും. ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാത്തവർ വരെ സംസാരിക്കുന്നു. ഒരു ഐപിഎൽ ടീം ഉടമ ഫോർമാറ്റിന് അനുസരിച്ച് പരിശീലകനെ മാറ്റണമെന്നു പറയുന്നു.’’– ഗൗതം ഗംഭീർ വ്യക്തമാക്കി. അതേസമയം ടെസ്റ്റ് തോൽവിക്കു പിന്നാലെ ഇന്ത്യയ്ക്കു പുതിയ കോച്ചിനെ വേണമെന്ന ആവശ്യവുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ പാർഥ് ജിൻഡാൽ രംഗത്തെത്തിയിരുന്നു.
ഡൽഹി ക്യാപിറ്റൽസ് ഉടമ പാർഥ് ജിൻഡാലിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു-
അടുത്തുപോലും എത്തിയില്ല, സ്വന്തം നാട്ടിൽ എന്തൊരു സമ്പൂർണ്ണ തോൽവി! സ്വന്തം നാട്ടിൽ നമ്മുടെ ടെസ്റ്റ് ടീം ഇത്ര ദുർബലമായത് കണ്ടതായി ഓർക്കുന്നില്ല!!! റെഡ് ബോൾ സ്പെഷ്യലിസ്റ്റുകളെ തിരഞ്ഞെടുക്കാത്തപ്പോൾ സംഭവിക്കുന്നത് ഇതാണ്. റെഡ് ബോൾ ഫോർമാറ്റിൽ നമുക്കുള്ള ആഴത്തിലുള്ള ശക്തിയെ ഈ ടീം ഒരിക്കലും പ്രതിഫലിപ്പിക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിനായി ഇന്ത്യ ഒരു സ്പെഷ്യലിസ്റ്റ് റെഡ് ബോൾ പരിശീലകനെ തിരഞ്ഞെടുക്കേണ്ട സമയമായി.
Not even close, what a complete thrashing at home! Don’t remember seeing our test side being so weak at home!!!This is what happens when red ball specialists are not picked. This team is nowhere near reflective of the deep strength we possess in the red ball format. Time for…
— Parth Jindal (@ParthJindal11) November 26, 2025


















































