തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പുരാവസ്തുക്കൾ കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയിൽ ശതകോടികൾക്കു വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സ്വർണമോഷണക്കേസുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിന് കത്തു നൽകി. ക്ഷേത്രങ്ങളിൽ നിന്ന് പുരാവസ്തുക്കൾ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയിൽ കോടിക്കണക്കിന് രൂപയ്ക്കു വിൽക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും കത്തിൽ പറയുന്നു.
പൗരാണിക സാധനങ്ങൾ, ദിവ്യവസ്തുക്കൾ ഒക്കെ മോഷ്ടിച്ചു കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയിൽ എത്തിക്കുന്നവരെക്കുറിച്ചു നേരിട്ടുള്ള അറിവുള്ള ഒരാളിൽ നിന്നു ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കത്തു നൽകുന്നതെന്നും ചെന്നിത്തല പറയുന്നു. അദ്ദേഹത്തിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് 500 കോടിക്കടുത്തുള്ള ഒരു ഇടപാടാണ് സ്വർണപ്പാളിയുടെ കാര്യത്തിൽ നടന്നിരിക്കുന്നത്. ഈ വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താൻ പരിശോധിക്കുകയും അതിൽ ചില യാഥാർഥ്യങ്ങളുണ്ടെന്നു മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിവരം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറുന്നത്.
പക്ഷെ ഈ വ്യക്തി വിവരങ്ങൾ പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ തയ്യാറല്ല. എന്നാൽ പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. കോടതിയിൽ മൊഴി നൽകാനും തയ്യാറാണ് – രമേശ് ചെന്നിത്തല കത്തിൽ പറയുന്നു. അതുപോലെ ശബരിമല സ്വർണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവർ ഈ കേസിലെ സഹ പ്രതികൾ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയിൽ ആയിട്ടില്ല – കത്തിൽ പറയുന്നു.
കേസിൽ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്ത ആഭരണ വ്യാപാരി ഗോവർധൻ വെറും ഇടനിലക്കാരൻ മാത്രമാണ്. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസുമുള്ളവർ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നുകൊണ്ട് പൗരാണിക വസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയ്ക്കു നേതൃത്വം നൽകിയിരുന്ന സുഭാഷ് കപൂർ സംഘത്തിന്റെ രീതികളുമായി ശബരിമല സ്വർണമോഷണ സംഘത്തിന്റെ രീതികൾക്കു സാമ്യമുണ്ട് എന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണണ്ട ഒന്നാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.
അതുപോലെ സംസ്ഥാനത്തിനകത്തു തന്നെ ചില വ്യവസായികളും ചില സംഘടിത റാക്കറ്റുകളും ഇതിന്റെ ഭാഗമാണ് എന്ന വിവരവും തനിക്കു ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തിൽ പറയുന്നു. പ്രത്യേകാന്വേഷണ സംഘം വ്യാപകമായ അന്വേഷണം നടത്തിയിട്ടും ശബരിമലയിൽ നിന്നു നഷ്ടപ്പെട്ട സാധനസാമഗ്രികൾ ഇതുവരെ കണ്ടെത്താനായില്ല എന്നത് ഈ വിഷയത്തിലെ രാജ്യാന്തര ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ സ്വർണമോഷണവുമായി ബന്ധപ്പെട്ട വിശാലമായ ഗൂഢാലോചനയും അന്താരാഷ്ട്ര മാഫിയാ ബന്ധങ്ങളും അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘം തയ്യാറാണെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ തനിക്കു സാധിക്കുമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ പറയുന്നു.


















































