തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതി നൽകിയ പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. രാഹുൽ വിവാഹവാഗ്ദാനം നൽകി തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നും പിന്നീട് താൻ ആരേയും വിവാഹം കഴിക്കാനുദ്ധേശിക്കുന്നില്ലെന്നു പറഞ്ഞുവെന്നും യുവതി പറയുന്നു. കേരളത്തിന് പുറത്തുള്ള താൻ നാട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചതെന്നും ഇത് കടുത്ത മാനസിക സംഘർഷമുണ്ടാക്കിയതായും യുവതി പരാതിയിൽ പറയുന്നു. രാഹുൽ ലൈംഗിക വേട്ടക്കാരനാണെന്നും യുവതി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ തനിക്ക് വർഷങ്ങളായി പരിചയമുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. 2023 സെപ്റ്റംബറിൽ രാഹുൽ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെട്ടെന്നും പിന്നീട് ടെലഗ്രാം നമ്പർ ചോദിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അഡ്മിൻമാർ നിരീക്ഷിക്കുന്നുണ്ടെന്നും അതിനാൽ സ്വകാര്യത വേണമെന്നും പറഞ്ഞാണ് ടെലിഗ്രാം നമ്പർ ചോദിച്ചതെന്നും രാഹുലിനെ വിശ്വസിച്ച് നമ്പർ നൽകിയതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
ആദ്യം ടെലിഗ്രാം വഴി അദ്ദേഹം സ്നേഹത്തോടെ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. എന്നെ എപ്പോഴും ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം എൻ്റെ തൊഴിൽപരമായ ആഗ്രഹങ്ങൾക്ക് ഒരു തടസ്സമാവില്ലെന്ന് ഉറപ്പുനൽകുകയും എൻ്റെ ഭാവി ലക്ഷ്യങ്ങൾക്ക് പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിൻ്റെ നിരന്തരമായ നിർബന്ധത്തിന് ശേഷം ഞാൻ വിവാഹാലോചനയെക്കുറിച്ച് എൻ്റെ കുടുംബത്തോട് പറഞ്ഞു.
ആദ്യഘട്ടത്തിൽ കുടുംബം മടിച്ചെങ്കിലും അദ്ദേഹം കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായതോടെ ബന്ധവുമായി മുന്നോട്ട് പോകാൻ സമ്മതിച്ചു. ഞാനിത് അദ്ദേഹത്തെ അറിയിച്ചപ്പോൾ, അടുത്ത അവധിക്കാലത്ത് ബന്ധുക്കളോടൊപ്പം വീട്ടിൽ വരുമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും പരാതിയിൽ പറയുന്നു പിന്നീട് അവധിക്ക് നാട്ടിലെത്തിയപ്പോൾ കുടുംബത്തെ കാണുന്നതിന് മുൻപായി തന്നെ തനിച്ച് കാണണമെന്ന് രാഹുൽ നിർബന്ധം പിടിച്ചു. ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്. ഫെനി നൈനാൻ എന്ന സുഹൃത്തിനൊപ്പമാണ് രാഹുൽ വന്നത്. നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒറ്റപ്പെട്ട ഒരു ഹോംസ്റ്റേ പോലെയുള്ള കെട്ടിടത്തിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. ആ സ്ഥലം ഒരു സുഹൃത്തിൻ്റേതാണെന്നും താനൊരു പൊതുപ്രവർത്തകനായതിനാൽ അവിടെവെച്ച് കാണുന്നത് ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും രാഹുൽ പറഞ്ഞു.
അദ്ദേഹത്തെ വിശ്വസിച്ച് ഞാൻ അകത്തേക്ക് കൂടെപ്പോയി. മുറിക്കുള്ളിൽ കടന്നയുടൻ രാഹുൽ കടന്നുപിടിച്ചു, താൻ എതിർത്തെങ്കിലും ക്രൂരമായി ആക്രമിച്ച് പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആരെയും വിവാഹം കഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് മറുപടി നൽകിയതായുമാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
ഈ സംഭവം തനിക്കു കടുത്ത മാനസിക സംഘർഷമുണ്ടാക്കിയതായും പരാതിയിൽ യുവതി പറയുന്നു. രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്ത് യുവതികളെ ചൂഷണം ചെയ്യുന്ന ലൈംഗിക വേട്ടക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും യുവതി ആരോപിക്കുന്നു. പൊതുജനങ്ങളുമായി, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമായി, ഇടപഴകേണ്ടി വരുന്ന പദവി വഹിക്കുന്നതിൽ നിന്ന് രാഹുലിനെ തടയണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ചിൻ്റെ പക്കൽ ഇതിനകം തന്നെ വിവരങ്ങൾ കൈമാറിയതായും യുവതി പറയുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നേരത്തേ മറ്റൊരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. എംഎൽഎയ്ക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും എംഎൽഎയെ കണ്ടെത്താനായിട്ടില്ല. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി ബുധനാഴ്ച കോടതി പരിഗണിക്കും.



















































