തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുതുതായി ഉയർന്നിട്ടുള്ള ലൈംഗീകാരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാൻ. ഇന്നു നൽകിയ പരാതിയിൽ രാഹുൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഫെനി നൈനാനൊപ്പമാണ് അയാൾ തന്നെ കാണാൻ എത്തിയതെന്നു പരാതിക്കാരി സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫെനി നൈനാൽ വിശദീകരണവുമായി രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനിയും ഇത്തരം ആരോപണങ്ങൾ വരുമെന്ന് തനിക്കു അറി യാമായിരുന്നുവെന്നും എന്നാൽ ഇത്രയും ക്രൂരമായ രീതിയിൽ അതുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഫെനി നൈനാൻ പറഞ്ഞു. ‘തനിക്കു പരാതിക്കാരിയെ അറിയില്ല. പക്ഷേ, ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് എനിക്ക് പരിപൂർണമായ ബോധ്യമുണ്ട്. പരാതിയിൽ എഴുതിപിടിപ്പിച്ചിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്.’ ഫെനി പറഞ്ഞു.
‘ഇപ്പോൾ എന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ആരോപണം വന്നിരിക്കുന്നത്. ഞാൻ മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോൾ എനിക്കെതിരെ ഉയർന്നിരിക്കുന്നത്. ഇതിനുമുമ്പും പലവിധമായ ആരോപണങ്ങൾ എന്റെ പേരിൽ എഴുതി മാധ്യമങ്ങളിലൂടെയും മറ്റും അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾക്ക് ശേഷം ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ?’ ഫെനി ചോദിച്ചു.
‘അതുപോലെ തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായി ആക്രമിക്കുന്ന രീതി കഴിഞ്ഞ കാലത്തും ഇത്തരം ആളുകളിൽനിന്നും ഉണ്ടായിട്ടുണ്ട്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ഇത്തരം ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനൊരു സംഭവം നടന്നിട്ടില്ല. മനസാക്ഷി ഒരു തരിമ്പെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ആ സ്ത്രീ അത്തരത്തിൽ ഒരു പരാതി എഴുതില്ലായിരുന്നു.’ ഫെനി പറഞ്ഞു.
‘എന്തടിസ്ഥാനത്തിലാണ് അവർ ഇത്തരം പച്ചക്കള്ളങ്ങൾ സമൂഹത്തിനു മുന്നിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. നാളെ രാഹുലിന്റെ ജാമ്യഹർജി പരിഗണിക്കാനിരിക്കുകയാണ്. ഹർജി തള്ളിക്കുവാൻകൂടി വേണ്ടിയാണോ ഇപ്പോൾ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നതെന്നും സംശയമുണ്ട്.’ ഫെനി പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി അയച്ചിട്ടുണ്ടെന്നും പരാതി നൽകിയ വ്യക്തിക്കും വാർത്തയ്ക്കുമെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഫെനി വ്യക്തമാക്കി.

















































