കൊല്ലം: നന്ത്യാട്ടുകുന്നത്ത് അർദ്ധരാത്രിയിൽ ലഹരിമാഫിയാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രാത്രി കാറിലെത്തിയ യുവതി ഉൾപ്പെടെയുള്ള നാലംഗ സംഘം വാടകവീട്ടിലേക്ക് എറിഞ്ഞ സ്‌ഫോടകവസ്തുക്കളിലൊന്നു പൊട്ടി. മറ്റൊന്ന് പോലീസ് നിർവീര്യമാക്കി. അക്രമത്തിനിടെ വാടകവീട്ടിൽ താമസിക്കുന്ന റോഷ്‌നി (25) എന്ന യുവതിയുടെ തലയ്ക്ക് ബിയർകുപ്പികൊണ്ടുള്ള അടിയിൽ പരുക്കേറ്റു. ലഹരിക്കേസ് പ്രതി റസ്‍ലി എന്ന യുവതിയുടെ നേതൃത്വത്തിലാണ് അക്രമികൾ എത്തിയത്. ഇവർ പോലീസ് പിടിയിലായി.
ഏഴിക്കര പഞ്ചായത്തിൽപ്പെട്ട നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ ഞായറാഴ്ച രാത്രിയാണ് ആക്രമണം അരങ്ങേറിയത്. തിരുവനന്തപുരം പുല്ലുവിള സ്വദേശി എ.എൻ. വിജിനും റോഷ്‌നിയും മറ്റു രണ്ടു സ്ത്രീകളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തുകയും സ്‌ഫോടക വസ്തു എറിയുകയും ചെയ്തത്. സ്‌ഫോടന ശബ്ദവും പുക ഉയരുന്നതും കണ്ട് നാട്ടുകാർ ഓടിക്കൂടി.
പിന്നാലെ പറവൂർ പോലീസ് എത്തിയപ്പോഴേക്കും കാറിൽ വന്ന സംഘം കടന്നുകളഞ്ഞു. പിന്നീട് രാത്രി 12 മണിയോടെ നാൽവർ സംഘം വീണ്ടും അതേ വാഹനത്തിൽ എത്തി. വാടകവീട്ടിലുള്ളവരുമായി തർക്കത്തിനും ബഹളത്തിനുമിടെ രണ്ടാമത് സ്‌ഫോടകവസ്തു എറിഞ്ഞു. അത് പൊട്ടിയില്ല. തുടർന്നു യുവതിയെ ബിയർകുപ്പികൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു. പോലീസെത്തി പൊട്ടാത്ത സ്ഫോടകവസ്തു ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റുകയും ബോംബ് സ്‌ക്വാഡ് എത്തി അത് നിർവീര്യമാക്കുകയും ചെയ്തു. ലഹരിമാഫിയാ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
അതേസമയം രണ്ടുമാസം മുൻപാണ് ദമ്പതിമാരെന്ന് പരിചയപ്പെടുത്തി വിജിനും റോഷ്‌നിയും ഇവിടെ വീട് വാടകയ്ക്കെടുത്തത്. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒന്നിലേറെ യുവതികൾ വീട്ടിൽ താമസിക്കാൻ തുടങ്ങി. വീടിനകത്ത് വളർത്തുനായയെ സദാസമയവും അഴിച്ചിട്ടിരുന്നതിനാൽ നാട്ടുകാർ ആരും ഇവിടേക്ക് ചെന്നിരുന്നില്ല. മൂന്നുദിവസം മുൻപ് നന്ത്യാട്ടുകുന്നത്ത് ഈ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു.
മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നവരാണ് ഇരു സംഘത്തിലുമുള്ളവരെന്നാണ് പോലീസ് പറയുന്നത്. വാടകവീടിനു സമീപത്തെ പറമ്പിൽനിന്ന് ഏതാനും സിറിഞ്ചുകൾ പോലീസ് കണ്ടെടുത്തു. നേരത്തേ പാലാരിവട്ടത്ത് പോലീസുമായി വാക്കുതർക്കമുണ്ടാക്കിയ യുവതിയുടെ നേതൃത്വത്തിലാണ് വീടുകയറി ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന റസ്‍ലി കോഴിക്കോട് സ്വദേശിനിയും ഡി.ജെയുമാണ്. പാലാരിവട്ടത്തെ സംസ്ക്കാര ജങ്ഷനിൽ നേരത്തെ നടുറോഡിൽ അർധരാത്രി ആൺസുഹൃത്തിനൊപ്പം റസ്‍ലി ലഹരി മൂത്ത് നാട്ടുകാരെയും പോലീസിനെയും ആക്രമിച്ചിരുന്നു. കൂടാതെ താമസിച്ചിരുന്ന ഹോസ്റ്റലിൻറെ ചില്ലുകൾ തകർത്തിരുന്നു.



















































