ന്യൂഡൽഹി∙ അരുണാചൽ പ്രദേശ് സ്വദേശിയായ യുവതിയെ ചൈനീസ് അധികൃതർ 18 മണിക്കൂറോളം തടഞ്ഞുവച്ചു. ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു വിമാനത്താവള അധികൃതർ തടഞ്ഞുവച്ചത്.
പ്രേമ തോങ്ഡോക്ക് എന്ന യുവതിയാണ് ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ഷാങ്ഹായ് വിമാനത്താവളത്തിൽ എത്തിയത്. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് സമയം മാത്രമാണ് യുവതിക്ക് ഉണ്ടായിരുന്നത്. എന്നാൽ, സുരക്ഷാ പരിശോധനക്കിടെ അധികൃതർ ഇവരെ തടഞ്ഞുവയ്ക്കുകയും പാസ്പോർട്ട് അസാധുവായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇന്ത്യൻ പാസ്‌പോർട്ട് എന്തുകൊണ്ട് അസാധുവായി കണക്കാക്കുന്നു എന്ന തന്റെ ചോദ്യത്തിന് അധികൃതർക്ക് രേഖാമൂലമുള്ള മറുപടി ഉണ്ടായിരുന്നില്ലെന്നും ഇതു സംബന്ധിച്ച നിയമങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ‘ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്‌പോർട്ട് എടുക്കണം’ എന്ന മറുപടിയാണ് ലഭിച്ചതെന്നും പ്രേമ പറയുന്നു.
ഉദ്യോഗസ്ഥർ തന്നെ പരിഹസിക്കുകയും വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. പാസ്‌പോർട്ട് അവർ കസ്റ്റഡിയിലെടുത്തു. യാത്ര ചെയ്യാൻ അനുവദിച്ചില്ല. ഭക്ഷണം ലഭിച്ചില്ല. ചൈനയിൽ ഗൂഗിൾ ലഭ്യമല്ലാത്തതിനാൽ വിവരങ്ങളൊന്നും അറിയാനും സാധിച്ചില്ലെന്ന് പ്രേമ പറയുന്നു. ജപ്പാനിലേക്ക് പോകാൻ സാധുവായ വിസ ഉണ്ടായിരുന്നിട്ടും യാത്ര തുടരാൻ അനുവദിച്ചില്ല. തിരികെ ലണ്ടനിലേക്ക് മടങ്ങാനും അധികൃതർ തന്നെ നിർബന്ധിച്ചുവെന്നും യുവതി പറയുന്നു. ഒടുവിൽ തന്റെ യുകെയിലെ സുഹൃത്തുക്കളെ വിളിച്ച് ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സഹായം തേടി. കോൺസുലേറ്റുമായി ബന്ധപ്പെട്ടതിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ ആറ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി തനിക്ക് ഭക്ഷണം നൽകിയതായും പ്രേമ പറഞ്ഞു.

















































