ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രേംനഗര്‍ പ്രദേശത്ത് ആറുവയസ്സുകാരനു നേര്‍ക്ക് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുടെ ക്രൂരമായ ആക്രമണം. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് വളര്‍ത്തുനായ ആക്രമിച്ചത്. കുട്ടിയെ നായ കടിച്ചുകുടയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നായയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്ക് കുട്ടിയുടെ നേര്‍ക്ക് നായ ചാടിവീഴുകയും കടിച്ചുകുടയുകയുമായിരുന്നു. നായ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ നായയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയുടെ കാലിൽപിടിച്ച് വലിച്ച് നായയുടെ കൈയില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അതിനോടകം കുട്ടിയുടെ വലതു ചെവി നായ കടിച്ചെടുത്തിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കള്‍ രോഹിണിയിലെ ബിഎസ്എ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നായയുടെ ഉടമയായ രാജേഷ് പാലിനെ (50) അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വില്‍പനയും ഇറക്കുമതിയും നിരോധിച്ച നായ ഇനങ്ങളിലൊന്നാണ് പിറ്റ്ബുള്‍. ഇവയടക്കം ടെറിയേര്‍സ്, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി നായകളുടെ ഇറക്കുമതിയും വില്‍പനയും കേന്ദ്രം നിരോധിച്ചിരുന്നു. മനുഷ്യജീവന് അപകടകാരികളാണ് ഇത്തരം നായകളെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി.

















































