ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ കരാർ ലംഘനം തുടർക്കഥയാക്കി ഇസ്രയേൽ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ കുട്ടികളടക്കം 24 പലസ്തീനികൾ കൊല്ലപ്പെട്ടു. 87 പേർക്ക് പരുക്കേറ്റു. വടക്കൻ ഗാസ നഗരത്തിലെ ഒരു കാറിന് നേരെയാണ് ആദ്യം ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തൊട്ടു പിന്നാലെ മധ്യ ഡെയ്ർ എൽ-ബലായിലും നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലും ആക്രമണം നടത്തുകയായിരുന്നു.
അതേസമയം ഗാസാ സിറ്റിയിൽ നടന്ന ഡ്രോണാക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരുക്കേറ്റു. ഡെയ്ർ എൽ-ബലായിലെ ആക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സമാധാനകരാർ ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്നതിന് ശേഷം കുറഞ്ഞത് 497 തവണയെങ്കിലും ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ടെന്ന് ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് വ്യക്തമാക്കി.
ഇതുവരെ ആക്രമണങ്ങളിൽ കുട്ടികളടക്കം 342 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഹമാസ് ഇസ്രയേൽ സൈനികരെ ആക്രമിച്ചതിന് ശേഷമാണ് തിരിച്ച് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറയുന്നത്. എന്നാൽ ആക്രമണത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്നും മധ്യസ്ഥത വഹിച്ച അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവർ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.




















































