ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിലെ ഇന്ത്യ– ബംഗ്ലദേശ് സെമി ഫൈനലിൽ സൂപ്പർ ഓവറിലേക്കു മത്സരത്തിൽ തന്റെ ബുദ്ധിശൂന്യതയിൽ തോറ്റ തീരുമാനത്തെ ന്യായീകരിച്ച് ക്യാപ്റ്റൻ ജിതേഷ് ശർമ. മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടപ്പോൾ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്നായിരുന്നു ക്യാപ്റ്റന്റെ വിശദീകരണം. സൂപ്പർ ഓവറിൽ ഇന്ത്യ ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു.
ഡെത്ത് ഓവറിൽ മികച്ചുനിൽക്കുന്ന അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശർമ പ്രതികരിച്ചു. ‘‘ഇന്ത്യൻ ടീമിൽ വൈഭവും പ്രിയൻഷുമാണ് പവർപ്ലേ ഓവറുകളിലെ വിദഗ്ധർ. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താൽ അശുതോഷും രമൺദീപുമാണു തകർത്തടിക്കുന്നത്. സൂപ്പർ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതിൽ അന്തിമ തീരുമാനം എടുത്തത് ഞാൻ തന്നെയാണ്.’
അതേസമയം സൂപ്പർ ഓവറിൽ ജിതേഷ് ശർമയും രമൺദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തിൽ ജിതേഷ് ശർമ പുറത്തായപ്പോൾ അശുതോഷ് ശർമ പിന്നാലെയിറങ്ങി. രണ്ടാം പന്തിൽ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു. സെമി ഫൈനലിൽ 15 പന്തിൽ 38 റൺസെടുത്ത വൈഭവ്, പവർപ്ലേയിലാണ് കൂടുതൽ തിളങ്ങുന്നതെന്നാണ് ജിതേഷിന്റെ ന്യായീകരണം.















































