ദുബായ്:എയർ ഷോയിൽ പ്രാദേശിക സമയം 2.15ന് ആണ് ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് ടേക്ക് ഓഫ് ചെയ്തത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധ വിമാനം. പൈലറ്റായി ഒരാൾ മാത്രമുള്ള സിംഗിൾ എൻജിൻ, ലൈറ്റ് വെയ്റ്റ് യുദ്ധവിമാനമാണിത്. 8 മിനിറ്റ് നേരത്തെ പ്രകടനമാണ് തേജസിനു നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച പ്രകാരം വിമാനം രണ്ടു തവണ റോൾ ഓവർ ചെയ്തു (കരണം മറിഞ്ഞു). മൂന്നാമത്തേതിനു ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിനു പുറത്തേക്കു നീങ്ങി അതിവേഗം നിലത്തേക്കു പതിക്കുകയായിരുന്നു.
വീണതിനു പിന്നാലെ വലിയ തീ ഗോളമായി വിമാനം മാറി. പൈലറ്റിന്റെ മരണം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിങ് കമാൻഡർ തേജേശ്വർ സിങ് വിമാനം പറത്തുമെന്നായിരുന്നു ആദ്യം അറിയിപ്പുണ്ടായിരുന്നത്. അപകട സമയത്ത് വിങ് കമാൻഡർ തന്നെയാണോ വിമാനം പറത്തിയിരുന്നതെന്ന് ഔദ്യോഗിക വിവരം പുറത്തു വരാനിരിക്കുന്നതേയുള്ളൂ. അപകടത്തിന്റെ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു.
ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലാണ് നവംബർ 17 മുതൽ അഭ്യാസപ്രകടനങ്ങൾ തുടങ്ങിയത്. എയർ ഷോയുടെ അവസാന ദിവസമായ ഇന്ന്, ഉച്ചയ്ക്കു ശേഷം ഇന്ത്യയുടെ സൂര്യകിരൺ സംഘത്തിന്റെ പ്രകടനമാണ് ആദ്യം നടന്നത്. ഇത് വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ അമേരിക്കയുടെ എഫ്35 വ്യോമാഭ്യാസം നടത്തി. ഇതിനു പിന്നാലെയാണ് തേജസ് പറന്നുയർന്നത്. നേരെ മുകളിലേക്ക് ഉയരുന്ന വെർട്ടിക്കൽ ടേക്ക് ഓഫ് ആണ് തേജസ് നടത്തിയത്. ആകാശത്ത് പ്രകടനം നടത്തുമ്പോൾ വിമാനത്തിനു മറ്റു പ്രശ്നങ്ങൾ കാണാനില്ലായിരുന്നു. താഴെ വീണതിനു ശേഷമാണ് കത്തിയമർന്നത്.

















































