ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റ് സെമിയിൽ ബംഗ്ലാദേശ് എ ടീമിനെതിരേ ഇന്ത്യക്ക് തകർപ്പൻ തുടക്കം. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ ആദ്യ മൂന്നോവറിൽ ടീം 49 റൺസിലെത്തി. 38 റൺസെടുത്ത് വൈഭവ് പുറത്തായി. നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലാണ് ഇന്ത്യ എ. പ്രിയാൻഷ് ആര്യയും(15) നമാൻ ധിറുമാണ് ക്രീസിൽ.
അതേസമയം ആദ്യ ഓവറിൽ തന്നെ 19 റൺസെടുത്താണ് വൈഭവ് ഇന്നിങ്സ് ആരംഭിച്ചത്. രണ്ടാം ഓവറിലും അതേ പഞ്ചിൽ ബംഗ്ലാദേശ് ബൗളർമാരെ പ്രഹരിച്ചതോടെ ടീം 33 റൺസിലെത്തി. പ്രിയാൻഷ് ആര്യയും സ്കോർ കണ്ടെത്തിയതോടെ ഇന്ത്യ എ മൂന്നോവറിൽ 49 റൺസ് അടിച്ചെടുത്തു. എന്നാൽ നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. 15 പന്തിൽ നിന്ന് 38 റൺസെടുത്താണ് താരം മടങ്ങിയത്.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് എ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 194 റൺസാണെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എ ടീമിന്റേത് തകർപ്പൻ തുടക്കമായിരുന്നു. ഹബിബുർ റഹ്‌മാനും ജിഷാൻ ആലമും തകർത്തടിച്ച് തുടങ്ങിയതോടെ ടീം നാലോവറിൽ 43 റൺസിലെത്തി. ഇതിനിടെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ തിരിച്ചടിച്ചു. ജിഷാൻ ആലം(26), സവാദ് അബ്രാർ(13), അക്ബർ അലി(9), അബു ഹൈദർ(0) എന്നിവർ വേഗം മടങ്ങി. എന്നാൽ ഒരുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ഓപ്പണർ ഹബിബുർ ബംഗ്ലാദേശ് സ്‌കോർ ഉയർത്തി. അർധസെഞ്ചുറി തികച്ച താരം സ്‌കോർ 126 ൽ നിൽക്കേയാണ് പുറത്തായത്. ഹബിബുർ 46 പന്തിൽ നിന്ന് 65 റൺസെടുത്തു.
18 ഓവർ അവസാനിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാൽ അവസാന രണ്ടോവറുകളിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ബംഗ്ലാദേശ് സ്കോർ 194 റൺസിലെത്തിച്ചു. എസ്എം മെഹറോബും നമാൻ ധിർ എറിഞ്ഞ പത്തൊൻപതാം ഓവറിൽ മെഹറോബ് 28 റൺസ് അടിച്ചെടുത്തു. നാല് സിക്‌സറുകളും ഒരു ഫോറും താരം നേടി. 20-ാം ഓവറിൽ യാസിർ അലിയും തകർത്തടിച്ചു. 22 റൺസാണ് ഇരുവരും ചേർന്ന് അവസാന ഓവറിൽ നേടിയത്.
















































