തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കമിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണക്കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത് ഇദ്ദേഹമായിരുന്നു. പോറ്റിക്ക് അനുകൂലമായ നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയെന്നും എസ്‌ഐടിയുടെ കണ്ടെത്തലുണ്ട്. വ്യാഴാഴ്ചയാണ് അന്വേഷണസംഘം റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
ശബരിമലയിലെ സ്വര്‍ണക്കട്ടിളപ്പാളിയും ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണക്കവചവും ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം പത്മകുമാറിന്റേതായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. തീരുമാനം ബോര്‍ഡ് അംഗങ്ങള്‍ക്ക് മുന്നില്‍വെച്ചതും ഇദ്ദേഹമായിരുന്നു. ഇതിനെ സാധൂകരിക്കുന്ന മൊഴികള്‍ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി മുതല്‍ പത്മകുമാര്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പത്മകുമാറിന്റെ നിര്‍ദേശത്തെ ബോര്‍ഡ് അംഗങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല.
എന്നാല്‍ പത്മകുമാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചതിന് പിന്നാലെ മുരാരി ബാബുവിന്റെ നേതൃത്വത്തില്‍ രേഖകള്‍ തയ്യാറാക്കുന്ന ഇടപാടുകള്‍ ആരംഭിച്ചിരുന്നു. 2019 ഫെബ്രുവരിക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിനും മുകളില്‍ ആരെങ്കിലും ഉണ്ടായിരുന്നോ, പോറ്റി സന്നിധാനത്തുനിന്ന് കൊണ്ടുപോയ യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ എന്ത് ചെയ്തു എന്നിവയാണ് ഇനി എസ്‌ഐടിക്ക് മുന്നിലുള്ള സുപ്രധാന ചോദ്യങ്ങള്‍.

















































