വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷമായ വിമർശനമുന്നയിച്ച് സെനറ്റർ ബെർണി സാൻഡേഴ്സ്. ഏകാധിപതികളായ ശതകോടീശ്വരന്മാരെ അനുകൂലിക്കുകയും സാധാരണ മുസ്ലീങ്ങളെ വെറുക്കുകയും ചെയ്യുന്ന സമീപനമാണ് ട്രംപിന്റേത് എന്നായിരുന്നു സാൻഡേഴ്സന്റെ വിമർശനം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രംപ് ഭരണകൂടം സൗദി കിരീടാവകാശിക്ക് വാഷിങ്ടണിൽ ആഡംബരപൂർണ്ണമായ സ്വീകരണം നൽകിയത്. കൂടിക്കാഴ്ചയുടെ ഭാഗമായി യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന ഒരു സുരക്ഷാ ഉടമ്പടി ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാത്രമല്ല, മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ രാജകുടുംബാംഗത്തിന് പങ്കുണ്ടെന്ന ആരോപണത്തിന് പരസ്യമായ പ്രതിരോധവും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി.
ഈ രാജകീയ സ്വീകരണത്തിനെതിരെയാണ് സാൻഡേഴ്‌സ് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട വ്യക്തിയിൽനിന്ന് വൈറ്റ് ഹൗസിലെ ബഹുമാന്യനായ അതിഥിയായി വാഷിങ്ണിൽ മുഹമ്മദ് ബിൻ സൽമാൻ മാറിയതിനെക്കുറിച്ച് സാമൂഹികമാധ്യമമായ ‘എക്‌സി’ലൂടെയാണ് സാൻഡേഴ്സ് അഭിപ്രായം പങ്കുവെച്ചത്. ‘ട്രംപിന് മുസ്ലിങ്ങളെ ഇഷ്ടമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കൂടുതൽ സമ്പന്നരാക്കാൻ കഴിയുന്ന ശതകോടീശ്വരന്മാരായ ഏകാധിപതികളെ ഒഴികെ.’ സാൻഡേഴ്‌സ് കുറിച്ചു.
അതേസമയം 2018-ന് ശേഷം സൗദി കിരീടാവകാശിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ കടുത്ത വിമർശകനുമായിരുന്ന ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിനുള്ളിൽവെച്ച് കൊല്ലപ്പെട്ടത് 2018-ലായിരുന്നു. ഈ കൊലപാതകം സൗദി- യുഎസ് ബന്ധത്തിൽ വിള്ളലുണ്ടാക്കുകയും ആഗോളതലത്തിൽ അപലപിക്കപ്പെടുകയും ചെയ്തിരുന്നു.
അതേസമയം മുൻ ചരിത്രമുണ്ടായിട്ടും, എഫ്-35 സ്റ്റെൽത്ത് ജെറ്റുകളുടെ സൈനിക ഫ്‌ലൈഓവർ, ആചാരപരമായ പീരങ്കിവെടി, കുതിരപ്പുറത്തുള്ള സൈനികരുടെ പരേഡ്, സൗത്ത് ലോണിലെ വിപുലമായ വിരുന്ന് തുടങ്ങിയ ഗംഭീരമായ കാഴ്ചകളോടെയാണ് ട്രംപ് സൗദി കിരീടാവകാശിയെ സ്വീകരിച്ചത്.
ട്രംപിന്റെ കുടുംബത്തിന് സൗദി അറേബ്യയുമായുള്ള ബിസിനസ്സ് ബന്ധങ്ങളെക്കുറിച്ചും ഖഷോഗിയുടെ കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചും വാർത്താ സമ്മേളനത്തിൽ ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ ട്രംപ് പൊട്ടിത്തെറിച്ചതും വാർത്തയായിരുന്നു. ആ മാധ്യമപ്രവർത്തകയെ ‘ഈ രംഗത്തെ ഏറ്റവും മോശം വ്യക്തികളിൽ ഒരാൾ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ‘അതിഥിയെ അപമാനിച്ചതിന്’ ശാസിക്കുകയും ചെയ്തു.
‘എന്റെ കുടുംബത്തിന് സൗദി അറേബ്യയുമായി കാര്യമായ ഇടപാടുകളില്ല. അദ്ദേഹം (കിരീടാവകാശി) മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹത്തിന് ഖഷോഗിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.’ എന്നാണ് ട്രംപ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. മുഹമ്മദ് ബിൻ സൽമാൻ ആവട്ടെ, കൊലപാതകത്തെ ‘വേദനാജനകം’ എന്നും ‘വലിയ തെറ്റ്’ എന്നുമാണ് വിശേഷിപ്പിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സൗദി അധികൃതർ അവരുടെ അന്വേഷണ നടപടിക്രമങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുസ്ലിങ്ങളുമായി ബന്ധപ്പെട്ട ട്രംപിന്റെ മുൻകാല നിലപാടുകളിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് അദ്ദേഹം സൗദി കിരീടാവകാശിയുടെ കാര്യത്തിൽ എടുത്തത്. 2017-ൽ അധികാരമേറ്റയുടൻ, ട്രംപ് ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമിട്ട് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് വിമാനത്താവളങ്ങളിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും വ്യാപകമായ പ്രതിഷേധങ്ങൾക്കും കാരണമായി.
2016-ൽ സിഎൻഎൻ-ന് നൽകിയ അഭിമുഖത്തിൽ, ‘ഇസ്ലാം നമ്മളെ വെറുക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്’ എന്ന് ട്രംപ് പ്രഖ്യാപിച്ചു. ‘അവിടെ വലിയ വെറുപ്പുണ്ട്’ എന്നും അദ്ദേഹം അവകാശപ്പെട്ടു. പള്ളികളിൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നും ‘എന്താണ് സംഭവിക്കുന്നതെന്ന് നമ്മുടെ രാജ്യത്തെ പ്രതിനിധികൾക്ക് മനസ്സിലാകുന്നതുവരെ’ വിദേശ മുസ്ലിങ്ങളുടെ പ്രവേശനത്തിന് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ബ്രസ്സൽസ് ഭീകരാക്രമണത്തിന് ശേഷം ഫോക്‌സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ, ‘നമുക്ക് മുസ്ലിങ്ങളുമായി പ്രശ്‌നങ്ങളുണ്ട്’ എന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘നിരീക്ഷണം ആവശ്യമാണ്, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പള്ളികളുടെ കാര്യത്തിൽ ഇടപെടേണ്ടി വരും.’ എന്നും അദ്ദേഹം വാദിച്ചിരുന്നു.



















































