തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്ത മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കണമെന്നും കോർപ്പറേഷൻ ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർക്കു നിർദേശം നൽകി. വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയിൽ വൈഷ്ണയ്ക്കു മത്സരിക്കാനുള്ള തടസങ്ങൾ നീങ്ങി. വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 27-ാം വാർഡ്, മുട്ടട പാർട്ട് നമ്പർ 5-ലെ വോട്ടർ പട്ടികയിൽ പുനസ്ഥാപിക്കാനാണ് കമ്മിഷൻ ഉത്തരവിട്ടത്.
വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പേര് നീക്കിയതിനെ തുടർന്ന് വൈഷ്ണ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹിയറിങ് നടത്തി. ഇതിനു ശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാൻ തീരുമാനം എടുത്തത്. വോട്ടർ അപേക്ഷയിൽ കെട്ടിട നമ്പർ തെറ്റായി രേഖപ്പെടുത്തിയെന്നു കാട്ടി സിപിഎം പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവായത്.
ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കിൽ, വാസസ്ഥലം മാറുന്നില്ലെങ്കിൽ, അല്ലെങ്കിൽ മറ്റുതരത്തിൽ തിരിച്ചറിയാൻ സാധിക്കുമെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അർഹരാണ് എന്ന് നിഷ്‌കർഷിച്ചുകൊണ്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തദ്ദേശസ്ഥാപനം നൽകുന്ന വീട്ടുനമ്പരോ ഉടമസ്ഥാവകാശമോ വാടക കരാറോ ഒന്നും ഇതിലേക്ക് അവശ്യ രേഖകളല്ല. എന്നാൽ ഇതിന്റെ അന്തഃസത്ത ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ഉൾക്കൊണ്ടിട്ടില്ലേയെന്നു ചോദിച്ച കമ്മിഷൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറെ കുറ്റപ്പെടുത്തി.
അതുപോലെ വൈഷ്ണ ഹാജരാക്കിയ രേഖകൾ പരിഗണിക്കാതെയും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് അന്തിമ വോട്ടർ പട്ടികയിൽനിന്നും ഏകപക്ഷീയമായി പേര് നീക്കം ചെയ്തതെന്നും കമ്മിഷൻ അറിയിച്ചു. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർ എടുത്ത നടപടിയും അതിന്മേൽ നൽകിയ അറിയിപ്പും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കുന്നുവെന്നുമാണ് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടിസി നമ്പർ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നില്ലെന്നും ആരോപിച്ചാണ് സിപിഎം രംഗത്തെത്തിയത്.
എന്നാൽ, താൻ താമസിക്കുന്ന വീടിന്റെ നമ്പർ ടിസി 18/ 2365 ആണെന്നും വോട്ടർപട്ടികയിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന നമ്പറിലാണ് അപേക്ഷ സമർപ്പിച്ചതെന്നും വൈഷ്ണ പറഞ്ഞു. ഇതുസംബന്ധിച്ച് കോർപറേഷനിലെ തിരഞ്ഞെടുപ്പ് സെൽ ആവശ്യപ്പെട്ട രേഖകളും കൈമാറി. അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണയുടെ പിതാവിന്റെ കുടുംബവീട് മുട്ടട വാർഡിലാണ്. ഈ മേൽവിലാസമാണ് എല്ലാ രേഖകളിലുമുള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ നമ്പറും ഇതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ വിലാസത്തിലെ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്തിരുന്നു.
വീട്ടുനമ്പർ മാറി രേഖപ്പെടുത്തിയതിനാൽ യഥാർഥ നമ്പർ 18/2365 ആണെന്നുള്ള സത്യവാങ്മൂലം കോർപറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥർ കൈപ്പറ്റിയില്ലെന്നും സ്പീഡ് പോസ്റ്റ് വഴി അപേക്ഷ സെല്ലിലേക്ക് അയയ്ക്കുകയായിരുന്നെന്നും വൈഷ്ണ പരാതി ഉന്നയിച്ചു.

















































