ആലപ്പുഴ: വ്യാജ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽനിന്ന് 16.6 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ യുവതി അറസ്റ്റിൽ. തിരുവനന്തപുരം തിരുമല പുത്തേരിൽ വീട്ടിൽ ആര്യാദാസി (33)നെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്.പരാതിക്കാരനെ സാമുഹികമാധ്യമത്തിലൂടെ ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിച്ചത്. ഈ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അക്കൗണ്ടെടുപ്പിച്ചു. തുടർന്ന്, വ്യാജ ആപ്പിലൂടെ പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയപ്പിച്ചു. രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ അയച്ചത്.
ഇതിൽ 4.5 ലക്ഷം രൂപ മരവിപ്പിച്ചിട്ടുണ്ട്. പരാതിക്കാരൻ അയച്ചുനൽകിയ പണത്തിന്റെ ലാഭമുൾപ്പെടെ വ്യാജ ആപ്പിൽ ലഭ്യമാക്കിയിരുന്നു. ഈ തുക ആപ്പിൽനിന്നു പിൻവലിക്കാനാകാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. തുടർന്ന്, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകി. നവംബർ 10-ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
















































