തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായ വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടന്നതായി ആരോപണം. അന്തിമപട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും സിപിഎം പ്രവര്‍ത്തകന്‍ ധനേഷിന്റെ പരാതിയില്‍, പിന്നീടാണ് വൈഷ്ണയുടെ പേര് ഒഴിവാക്കുന്നത്. ഹൈക്കോടതി വൈഷ്ണയ്ക്ക് അനുകൂലമായ നിര്‍ദേശം നല്‍കിയിട്ടും സപ്ലിമെന്ററി പട്ടിക ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോര്‍പ്പറേഷന്‍ കൈമാറിയിട്ടില്ല. കോടതിയുടെ അനുകൂല പരാമര്‍ശം വന്നതോടെ വൈഷ്ണ പ്രചാരണം പുനരാരംഭിച്ചു. പേര് ഒഴിവാക്കിയതറിഞ്ഞ് കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലില്‍ ശനിയാഴ്ച വൈഷ്ണയും നേതാക്കളും പരാതി നല്‍കാന്‍ ചെന്നെങ്കിലും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ല.
പരാതി വാങ്ങാതെ ഒത്തുകളിക്കുകയായിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന തീയതിവരെ പരാതി സ്വീകരിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു തന്ത്രം. തുടര്‍ന്ന് സ്പീഡ് പോസ്റ്റിലൂടെയാണ് രേഖകള്‍ അയച്ചുനല്‍കിയത്. ഇതിലും നടപടിയുണ്ടായില്ല. തിങ്കളാഴ്ച കളക്ടറേറ്റിലും സമാന അനുഭവമുണ്ടായതായി വൈഷ്ണയ്ക്കൊപ്പം കളക്ടര്‍ക്ക് പരാതി നല്‍കാനെത്തിയ കോണ്‍ഗ്രസ് നേതാവ് ജെ.എസ്. അഖില്‍ പറയുന്നു. കളക്ടറെ കാണാന്‍ ഒന്നരമണിക്കൂറോളം ഇവര്‍ കാത്തിരുന്നു.
കളക്ടര്‍ ഒരു യോഗത്തിലായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്കു കടക്കാന്‍ തീരുമാനിച്ചതോടെയാണ് എഡിഎം പരാതി വാങ്ങിയത്. അപ്പോഴേക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായിരുന്നു. കോടതിയില്‍ കക്ഷിചേരാന്‍ ശ്രമിച്ച കോര്‍പ്പറേഷനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. വോട്ടര്‍പട്ടികയിലാണ് വൈഷ്ണയുടെ വീടിന്റെ ടിസി നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നത്. ഇത് വോട്ടര്‍പട്ടികയില്‍ വന്ന തെറ്റാണ്. എന്നാല്‍, ഈ സാങ്കേതികത്വത്തില്‍ പിടിച്ച് വോട്ട് ഒഴിവാക്കി വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം ഇല്ലാതാക്കാനായിരുന്നു ആസൂത്രിതശ്രമം നടന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

















































