കണ്ണൂര്‍: ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യചെയ്തതിന് സിപിഎം ഭീഷണിയും ഇടയാക്കിയെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. ജോലിസമ്മര്‍ദം മാത്രമല്ല കാരണം. അനീഷ് ജോര്‍ജും കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റ് വൈശാഖ് ഏറ്റുകുടുക്കയും തമ്മിലുള്ള ഫോണ്‍ സന്ദേശം പുറത്തുവിട്ടാണ് ആരോപണം ഉയര്‍ത്തിയത്. സിപിഎമ്മിന്റെ ബിഎല്‍എ റഫീഖാണ് അനീഷിനെ ഭീഷണിപ്പെടുത്തിയതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.
ബിഎല്‍എ പോകേണ്ടതിനുപകരം സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും മറ്റുമാണ് ബിഎല്‍ഒയുടെ കൂടെ ചെല്ലുന്നത്. ആലപ്പടമ്പ് പഞ്ചായത്തില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കാന്‍ സാഹചര്യം ഒരുക്കാനാണ് സിപിഎം നോക്കുന്നത്. പരിഷ്‌കരിച്ച വോട്ടര്‍പട്ടിക പരിശോധിച്ച് വ്യാജ വോട്ടര്‍മാരുണ്ടെന്ന് കണ്ടെത്തിയാല്‍ അത് ബിഎല്‍ഒയെ ബാധിക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
നാളെമുതല്‍ കൂടെ വരേണ്ടെന്ന് അനീഷ് ജോര്‍ജ് ബിഎല്‍എ വൈശാഖിനോട് പറയുന്നതാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്.
നിങ്ങള്‍ മുകളിലേക്ക് പരാതിപ്പെടൂ… തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് താന്‍ കൂടെ വരുന്നതെന്നും ബിഎല്‍എ പറയുന്നുണ്ട്. എന്നെ കൂട്ടുന്നില്ലെന്ന് നിങ്ങള്‍ പരാതിപ്പെട്ടോളൂ…അല്ലേല്‍ പ്രശ്‌നമാണ്…അവരുടെ ഏരിയ അല്ലേ എന്നാണ് അനീഷ് ജോര്‍ജ് അപ്പോള്‍ പറയുന്നത്.
















































