തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത് സ്വതന്ത്രയായി മത്സരിക്കാനുള്ള ബീനാ മുരളിയുടെ നീക്കത്തിനെ തുടർന്നാണ് നടപടി. ജനതാദൾ എസിന് കൃഷ്ണാപുരം സീറ്റ് നൽകിയിരുന്നു. ഇതോടെ ബീന മുരളിക്ക് അവസരം നിഷേധിക്കപ്പെട്ടു. തുടർന്ന് കഴിഞ്ഞദിവസം സ്വന്തം നിലയ്ക്ക് പ്രചാരണത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെയാണ് പാർട്ടി പുറത്താക്കൽ നടപടിയിലേക്ക് എത്തിയത്.
പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ചതെന്ന് ബീന മുരളി അറിയിച്ചിരുന്നു. സിപിഐ തൃശ്ശൂർ മണ്ഡലം കമ്മിറ്റി അംഗമാണ്. പതിനഞ്ച് വർഷമായി തൃശൂർ കോർപറേഷനിലെ സിപിഐ കൗൺസിലറാണ് ബീന മുരളി. സിറ്റിങ്ങ് സീറ്റ് വനിത സംവരണമായിട്ടും സിപിഐ സീറ്റ് വിട്ടു കൊടുത്തു. ജനതാദൾ (എസ്) ഘടകകക്ഷിയ്ക്ക് കൃഷ്ണാപുരം സീറ്റ് നൽകുകയായിരുന്നു. ഇനി കൃഷ്ണാപുരം ഡിവിഷനിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് ബീന മുരളി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

















































