വെള്ളരിക്കുണ്ട്: തദ്ദേശ തെരഞ്ഞടുപ്പ് മത്സരങ്ങളുടെ മാത്രമല്ല ചില കൗതുകങ്ങളുടേയും വേദിയാകാറുണ്ട്. അത്തരത്തിലൊരു കൗതുക മത്സരമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട് നടക്കുന്നത്. ഇവിടെ ഒരു കുടുംബം മുഴുവൻ ജനവിധി തേടുകയാണ്. അച്ഛനും അമ്മയും മകളും മത്സരരംഗത്തുണ്ട്.
അച്ഛനും അമ്മയും ബിജെപി സ്ഥാനാർത്ഥികളാകുമ്പോൾ മകൾ സ്വതന്ത്രസ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. മാലോം നാട്ടക്കല്ലിലെ പുലിക്കോടൻ ദാമോദരൻ ബളാൽ പഞ്ചായത്തിലെ കാര്യോട്ടുചാൽ വാർഡിലും ഭാര്യ കെ ശാരദ മാലോം വാർഡിലുമാണ് മത്സരിക്കുന്നത്.
എന്നാൽ മകൾ പ്രശാന്തി മുരളി കാഞ്ഞങ്ങാട് നഗരസഭയിലാണ് മത്സരത്തിനിറങ്ങുന്നത്. സിപിഐഎമ്മിന്റെ സിറ്റിംഗ് മോനാച്ച വാർഡിലാണ് പ്രശാന്തിയുടെ പോരാട്ടം. അതേസമയം കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലാണ് ദാമോദരന്റെയും ശാരദയുടെ മത്സരം. മൂവരുടെയും കന്നിമത്സരമാണെന്നതും മറ്റൊരു കൗതുകം.
അതേപോലെ ജില്ലയിലെ മറ്റൊരു കൗതുകമത്സരമാണ് സഹോദരങ്ങളുടേത്. തൃക്കരിപ്പൂർ മീലായാട്ടെ മാപ്പിടിച്ചേരി വീട്ടിൽ നിന്നാണ് സഹോദരങ്ങൾ മത്സരത്തിനിറങ്ങുന്നത്. ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷനിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് മനു മത്സരിക്കുന്നതെങ്കിൽ സഹോദരൻ മഹേഷ് തൃക്കരിപ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്.
















































