കൊച്ചി: എസ്ഐആർ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി പറഞ്ഞു. സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി വൈള്ളിയാഴ്ച വിധി പറയും.
ഒരു ലക്ഷത്തി എഴുപത്തിയെട്ടായിരത്തോളം ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലികൾക്കും അറുപത്തി അയ്യായിരത്തോളം സുരക്ഷാജീവനക്കാരേയും വിട്ട് നൽകുന്നു. ഇതിനിടെ വലിയൊരു വിഭാഗത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് കൂടി മാറ്റിവെച്ചാൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങളുടെ താളം തെറ്റുമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതേസമയം ഇരുപത്തി അയ്യായിരം ജീവനക്കാരെ മാത്രമേ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായി ഉപയോഗിക്കുന്നുള്ളൂവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.
2002 ലെ തിരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടർ പട്ടിക പരിഷ്ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങൾ നിരവധിയാണെന്നും എസ്ഐആർ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാർട്ടികൾ സർവ്വകക്ഷിയോഗത്തിലും ഉന്നയിച്ചിരുന്നു.

















































