ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് ഒരു ജീവൻ നഷ്ടമായത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാൽ. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. കേന്ദ്രത്തിനു പല തവണ കത്തെഴുതിയെന്നും പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തുവെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ല. പിഎസി യോഗം കൂടിയപ്പോഴും പറഞ്ഞിരുന്നു. സർവീസ് റോഡുകൾ മെച്ചപ്പെടുത്തി എടുക്കേണ്ടതാണെന്നും അതും അവിടെ ചെയ്തില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ് ഉണ്ടായത്. സർക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രമാണ്. സുരക്ഷ ഉറപ്പാക്കാതെയാണ് നിർമാണം. ഇനിയും അപകടം ഉണ്ടാവാൻ പാടില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്തിരൂരിൽ ഇന്നു പുലർച്ചെ രണ്ടരയോടെയാണ് പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടമുണ്ടായത്. സംഭവത്തിൽ പിക്കപ് വാനിന്റെ ഡ്രൈവർ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. രണ്ട് ഗർഡറുകളാണ് വീണത്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാനിനു മുകളിലേക്കു ഗർഡറുകൾ വീഴുകയായിരുന്നു. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പുറത്തെടുത്തു.
അതേസമയം തമിഴ്നാട്ടിൽ നിന്നും മുട്ട കയറ്റി വരികയായിരുന്ന പിക്കപ് വാനാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് പിക്കപ് വാനിൻറെ സ്ഥിരം ഡ്രൈവർ ആയിരുന്നില്ല. സ്ഥാരമായി ഓടിക്കുന്ന ഡ്രൈവർ ഇല്ലാതിരുന്നത് കൊണ്ട് വാഹനം ഓടിക്കാൻ വേണ്ടി വിളിച്ചപ്പോൾ രാജേഷ് വരികയായിരുന്നു. മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് വാഹനയുടമ പറയുന്നു. സംഭവത്തിൽ പിഡബ്ലുഡി സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി.















































