സന: ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ഇനി ആക്രമിക്കില്ലെന്ന് യെമനിലെ ഹൂതി വിമതരുടെ കത്ത്. ഗാസയിൽ വെടിനിർത്തൽ നടപ്പായതിനെത്തുടർന്നാണ് തീരുമാനമെന്ന് ഹമാസിന്റെ ഖാസം ബ്രിഗേഡിന് അയച്ച കത്തിൽ ഹൂതികൾ വ്യക്തമായി പറയുന്നു. അതേസമയം എന്നാണ് എഴുതിയതെന്ന് വ്യക്തമല്ലാത്ത ഈ കത്ത് വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ വീണ്ടും കപ്പലുകൾ ലക്ഷ്യമിടുമെന്നും ഹൂതികൾ കത്തിൽ പറയുന്നു.
ഹൂതി സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ യൂസഫ് ഹസ്സൻ അൽ–മദനിയുടെ പേരിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്. എന്നാൽ, ഈ കത്ത് കൂടാതെ ഇസ്രയേലിന്റെ കപ്പലുകൾക്ക് നേർക്കുള്ള ആക്രമണം നിർത്തിയെന്ന് ഔദ്യോഗികമായി ഹൂതികൾ എവിടെയും വിശദീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം കത്തിനോട് ഇസ്രയേൽ സൈന്യവും ഇതിനോടു പ്രതികരിച്ചിട്ടില്ല.
ഇസ്രയേൽ – ഹമാസ് യുദ്ധകാലത്താണ് ഹൂതികൾ ഇസ്രയേലിന്റെ കപ്പലുകൾ ആക്രമിച്ച് രാജ്യാന്തര രംഗത്ത് ശ്രദ്ധനേടുന്നത്. ഗാസയിൽനിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കുകയാണു ലക്ഷ്യമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇന്നുവരെ ഹൂതികളുടെ ആക്രമണം ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലിന്റെ കപ്പലുകൾക്ക് നേർക്കുണ്ടായിട്ടില്ലതാനും. മുൻപു ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ ഒൻപതു നാവികർക്ക് ജീവൻ നഷ്ടപ്പെടുകയും നാലു കപ്പലുകൾ മുങ്ങുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ കപ്പലുകളെ ആക്രമിക്കുമെന്ന് പറയുമ്പോഴും ഇസ്രയേൽ – ഹമാസ് യുദ്ധവുമായി എന്തെങ്കിലും തരത്തിൽ ബന്ധമുള്ള കപ്പലുകളെ വരെ ഹൂതികൾ ആക്രമിച്ചിരുന്നുവെന്നതും മറ്റൊരു വസ്തുതയാണ്.
















































