തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തലസ്ഥാനത്തിന്റെ ഏകദേശ രേഖാചിത്രം പുറത്ത്. ഇത്തവണത്തെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ എൽഡിഎഫ് അൽപം പിന്നോട്ടുനിന്നെങ്കിലും ഇന്നുകൊണ്ട് കളത്തിൽ ഇടംപിടിച്ചു.
ആദ്യഘട്ട സ്ഥാനാർഥി പട്ടികയുമായി എൽഡിഎഫ് കൂടി രംഗത്തെത്തിയതോടെ തിരുവനന്തപുരം കോർപ്പറേഷന്റെ ഏകദേശ ചിത്രം തെളിഞ്ഞു. ഇതോടെ മുന്നണികളുടെ മേയർ സ്ഥാനാർഥികൾ ഉൾപ്പെടെ പ്രമുഖർക്കെതിരേ അണിനിരക്കുന്നത് ആരൊക്കെയാണെന്ന് വ്യക്തമായി. ഏതുവിധേനയും തലസ്ഥാനത്തെ കോർപ്പറേഷൻ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കിട്ടാവുന്നതിൽ മികച്ച സ്ഥാനാർഥികളേയാണ് മൂന്നു മുന്നണികളും രംഗത്തിറക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
പതിവുകൾക്ക് വിപരീതമായി ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗോദയിൽ ഇടംപിടിച്ചത് യുഡിഎഫ് ആയിരുന്നു. മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥനെ കോൺഗ്രസ് രംഗത്തെത്തിച്ചപ്പോൾ കവടിയാറിൽ സിപിഎം നേതാവ് എ. സുനിൽകുമാർ എൽഡിഎഫ് സ്ഥാനാർഥിയാക്കി ഇറക്കി. എന്നാൽ ബിജെപി ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഉള്ളൂരിൽ മത്സരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജോൺസൺ ജോസഫിനെതിരേ എൽഡിഎഫിൽനിന്ന് ലിജു എസും ബിജെപിയിൽ അനിൽകുമാറുമാണ് രംഗത്തുള്ളത്. പാളയം വാർഡിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി പദ്മിനി തോമസിന്റെ ഭർതൃസഹോദരനാണ് ജോൺസൺ ജോസഫ്. പാളയത്ത് മുൻസ്പോർട്സ് കൗൺസിൽ പ്രസിഡന്റും കായികതാരവുമായിരുന്ന പദ്മിനി തോമസിനെതിരേ എൽഡിഎഫിൽ റീനാ വില്യംസും യുഡിഎഫിൽ എസ്. ഷെർളിയുമാണ് മത്സരരംഗത്തുള്ളത്. ബിജെപിയുടെ മേയർ സ്ഥാനാർഥികളിൽ ഒരാളായ മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരേ സിപിഎമ്മിന്റെ യുവമുഖം അമൃത ആർ. ആണ് മത്സരിക്കുന്നത്. സരള റാണി എസ്. ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.
കൊടുങ്ങാനൂരിൽ ബിജെപിയുടെ വി.വി. രാജേഷിന് വി. സുകുമാരൻ നായർ (എൽഡിഎഫ്), എസ്. രാധാകൃഷ്ണൻ നായർ (കോൺഗ്രസ്) എന്നിവരാണ് എതിരാളികൾ. പട്ടത്ത് ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജനയ്‌ക്കെതിരേ മത്സരിക്കുന്നത്, നിലവിലെ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ മകൾ തൃപ്തിരാജ് ആണ്. എൽഡിഎഫിൽ സിപിഐയുടെ സീറ്റാണിത്. രേഷ്മ പിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.
അതേസമയം കോൺഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാർഥി മുട്ടടയിൽ വൈഷ്ണ സുരേഷിനെതിരേ എൽഡിഎഫിന്റെ അംശു വാമദേവൻ സ്ഥാനാർഥിയാവും. നേമത്ത് മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെതിരേ ബിജു ചിന്നത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി.ബിജെപി സ്ഥാനാർഥിയായെത്തുന്നത് എം.ആർ. ഗോപൻ ആണ്.

















































