കൊച്ചി: രാജ്യം മുഴുവൻ ഗണഗീതം ചൊല്ലിയ 20 കുട്ടികൾക്കൊപ്പമാണെന്ന് ഇളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ കെ പി ഡിന്റോ. നട്ടെല്ലുയർത്തി ആരുടെയും മുന്നിൽ ഭാരതത്തിന് വേണ്ടി ഉറച്ച് നിൽക്കണമെന്നും പ്രിൻസിപ്പൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. വിദ്യാർഥികൾ ഗണഗീതം പാടിയതിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു അധ്യാപകന്റെ വാക്കുകൾ.
എവിടെ നിന്നോ ഉയർന്ന വിമർശനം കാരണം റെയിൽവേ ആദ്യം ഗണഗീതം പിൻവലിച്ചത് വേദനിപ്പിച്ചു. നമ്മുടെ അഭ്യർത്ഥന മാനിച്ച് ആറ് മണിക്കൂറിനുള്ളിൽ റെയിൽവെ അത് വീണ്ടുമിട്ടു. നമ്മൾ ആലപിച്ച പാട്ടിനെ പലരും പല പേരുകൾ വിളിക്കുന്നു എന്നേയുള്ളൂ. ആർഎസ്എസ് ഇതിനെ ഗണഗീതം എന്ന് വിളിക്കുന്നു. നമുക്കിത് ദേശഭക്തിഗാനമാണ്… ദേശഭക്തിഗാനം നമുക്ക് ലക്ഷ്യത്തിലേക്കുള്ള മാർഗമാണ്. നിങ്ങൾ നിങ്ങളുടെ ഭാഷയിൽ പറഞ്ഞു, തങ്ങൾ തങ്ങളുടെ ഭാഗം പറഞ്ഞു. ദേശഭക്തിഗാനം ദേശത്തിൻ്റേതാണെന്നും കെ പി ഡിന്റോ വ്യക്തമാക്കി.
അതേസമയം എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തിൽ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേൺ റെയിൽവെ പങ്കുവെച്ചതും ഏറെ വിവാദമായിരുന്നു. ‘എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’, എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമർശനം ഉയർന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയിൽവെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.
തുടർന്നു വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശവും നൽകി. പിന്നാലെ വിവാദം കുട്ടികളിൽ വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും ബാലാവകാശകമ്മീഷൻ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രിൻസിപ്പൽ രംഗത്തെത്തിയിരുന്നു.
ആർഎസ്എസിന് വർഗീയ അജണ്ടയുണ്ടെന്നും സർക്കാർ പരിപാടിക്ക് ഒരു പ്രോട്ടോക്കോൾ ഉണ്ട്, അതിൽ രാഷ്ട്രീയ പാർട്ടികളുടെ പാട്ടുകൾ പാടിക്കാറില്ലെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. എന്നാൽ ഗണഗീതം പാടിയതിനിടെ ന്യായീകരിച്ച് സുരേഷ്ഗോപി എംപിയും രംഗത്തെത്തിയിരുന്നു. കുട്ടികൾ നിഷ്കളങ്കമായി പാടിയെന്നായിരുന്നു എംപിയുടെ വിശദീകരണം.


















































