തൃശ്ശൂർ: കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ നേരെ തൃശ്ശൂരിലേക്കു വച്ചുപിടിച്ചാൽ മതി. അവിടെ ഒന്നന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന ഡിവിഷനിൽ വമ്പിച്ച മുന്നേറ്റമുണ്ടാകും. തൃശൂരിലെ സ്ഥാനാർഥികളുടെ ബലത്തിലാണ് ബിജെപിയുടെ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ബിജെപി പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ കേരളത്തിലെ ജനങ്ങൾക്കു ബിജെപിയിലുള്ള പ്രതീക്ഷ വർധിച്ചിരിക്കുന്നു. ജനങ്ങളുടെ പൾസ് അറിഞ്ഞാണ് ഞാനിക്കാര്യം പറയുന്നത്. ഒരു കൗൺസിലറെ പോലും മോഹിക്കാൻ കഴിയാത്ത ഡിവിഷനിൽ നിന്ന് കിട്ടുന്ന പൾസ്, അത് കേരളത്തിന്റെ പൾസാണ്. 2024 ജൂൺ നാലിനു ശേഷം കേരളത്തിൻറെ പൾസ് അറിയണമെങ്കിൽ തൃശ്ശൂരിൽ അന്വേഷിക്കണം. ഭരണത്തിൽ ജനങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ ഒരു ഭീഷണിയായിരിക്കും ഞങ്ങളുടെ സാന്നിധ്യം- സുരേഷ് ഗോപി പറഞ്ഞു.
അതുപോലെ കേരളത്തിന്റെ മനസാക്ഷിക്ക്, കേരളത്തിൻറെ ദാരിദ്ര്യമുഖത്തിന് വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ ഇല്ലായോ എന്നത് എൻറെ കൂട്ടത്തിലുള്ള ആൾക്കാരോ ഇപ്പോൾ ഭരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവരോ അല്ല പറയേണ്ടത്. അത് കേരളത്തിലെ ജനസമൂഹം പറയണം. വട്ടവട പറയുമോ?, അവിടെ ഞാൻ കണ്ട ദുരിതമെന്താണെന്ന് മാധ്യമപ്രവർത്തകൾ ജനങ്ങളെ അറിയിക്കാൻ ശ്രമിച്ചോ?’ സുരേഷ് ഗോപി ചോദിച്ചു. അതേസമയം, അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം നൈസായി ഒഴിഞ്ഞുമാറി.
‘ഞങ്ങൾക്ക് സ്വപ്നം പോലും കഴിയാൻ പറ്റാത്ത ഡിവിഷനുകളിൽ വമ്പിച്ച മുന്നേറ്റമുണ്ടാകും. അത് ഞങ്ങളുടെ കരുത്തല്ല. മറിച്ച്, ജനങ്ങളിൽ മനംമാറ്റം വന്നത് വഴിയുള്ള കരുത്താണ്. സ്ഥാനാർഥികളുടെ ബലത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. കൃത്യമായ സ്ഥാനാർഥിയെ കൊടുത്താൽ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് നിങ്ങൾ കാണും’, സുരേഷ് ഗോപി പറഞ്ഞു.

















































