തിരുവനന്തപുരം: എൻഎസ്എസ് ജനറൽസെക്രട്ടറി സുകുമാരൻ നായർക്കെതിരെ കൂട്ടം ചേര്‍ന്ന് നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നത്ത് വിവിധ നായർ സംഘടനകളുടെ നേതൃത്വത്തിൽ നായർ നേതൃസംഗമം സംഘടിപ്പിച്ചു. സർക്കാർ അവഗണനയ്ക്കെതിരെയും സംഗമം പ്രതിഷേധമറിയിച്ചു. എൻഎസ്എസിന്റെ സമീപകാല നിലപാടിനെതിരെയായിരുന്നു വള്ളികുന്നം വിദ്യാധിരാജാപുരത്ത് നായർ ഐക്യവേദിയുടെ നേതൃസംഗമം.
സമുദായ നന്മയ്ക്കായല്ല ഇന്നത്തെ എന്‍എസ്എസ് നേതൃത്വം പ്രവർത്തിക്കുന്നതെന്നും വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണെന്നും സംഘാടകർ ആരോപിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയായിരുന്നു രൂക്ഷ വിമർശനം.ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ നൽകിയ റിപ്പോർട്ട് മൂന്നരവർഷം കഴിഞ്ഞിട്ടും സർക്കാർ നിയമസഭയിൽ അവതരിപ്പിക്കാനോ നടപ്പാക്കാനോ തയ്യാറായിട്ടില്ലെന്ന് നേതൃത്വം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരെ കണ്ടെത്തി പഠനം നടത്താൻ സർക്കാർ നിയോഗിച്ചതായിരുന്നു ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷനെ. സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും നേതൃസംഗമത്തിൽ തീരുമാനമായി.


















































