ചെന്നൈ: തമിഴ്‌നാട്ടിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അമ്മയും അവരുടെ സ്വവർഗ പങ്കാളിയും അറസ്റ്റിൽ. ആദ്യം കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതു അസ്വാഭാവിക മരണമാണെന്ന അച്ഛന്റെ ആരോപണത്തിന് പിന്നാലെയാണ് കേസിലെ നിർണായക വഴിത്തിരിവ്. ഈ മാസമാദ്യമാണ് കൃഷ്ണ ഗിരിയിൽ കേസിന് ആസ്പദമായ സംഭവമുണ്ടായത്. മുലയൂട്ടുന്നതിനിടെ കുഞ്ഞ് മരിച്ചുവെന്നായിരുന്നു ആദ്യം പോലീസ് ഉൾപ്പെടെ കരുതിയിരുന്നത്.
അന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയില്ല. കുഞ്ഞിന്റെ മൃതദേഹം സ്വന്തം പറമ്പിൽ തന്നെയാണ് അടക്കം ചെയ്തത്. പക്ഷെ കുഞ്ഞിന്റെ മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, അമ്മയും മറ്റൊരു സ്ത്രീയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും ഭർത്താവു കണ്ടത്തി. ഇതോടെ കൊലപാതകമെന്നാരോപിച്ച് അച്ഛൻ അധികൃതരെ സമീപിച്ചു. ഇതിന് പിന്നാലെ, ഇരുവരും തമ്മിലുള്ള ബന്ധത്തിനും കുഞ്ഞിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പിന്നാലെ പോസ്റ്റ്‌മോർട്ടത്തിനായി ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തു. ഇതോടെ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് തെളിയുകയായിരുന്നു. ചോദ്യം ചെയ്യലിൽ, ഭർത്താവിന്റെ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് സ്ത്രീ പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവ് തന്നെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യാറില്ലെന്നും അവർ പറഞ്ഞതായും പോലീസ് പറയുന്നു.

















































