കോഴിക്കോട്: നിയമ വിദ്യാർത്ഥി അബു അരീക്കോട് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കോടഞ്ചേരി പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെയായിരുന്നു വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടത് സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അബു അരീക്കോട്. വി സി അബൂബക്കർ, അബു അരീക്കോട് എന്ന പേരിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇടപെട്ടിരുന്നത്. ഇതിനിടെ ലോൺ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്.
കോഴിക്കോട് താമരശ്ശേരി മർകസ് ലോ കോളേജ് വിദ്യാർത്ഥിയായിരുന്നു അബു അരീക്കോട്. സിപിഎം സൈബറിടങ്ങളിലെ സജീവ സാന്നിധ്യമായ അബുവിന്റെ വേർപാടിൽ മുൻ മന്ത്രി ടിപി രാമകൃഷ്ണനടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. അരീക്കോട് പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടിൽ അബ്ദുൾ കരീം, വഹബി ദമ്പതികളുടെ മകനാണ് അബു.

















































