ബദൗൺ: ഉത്തർപ്രദേശിലെ ബദൌൺ ജില്ലയിൽ പള്ളിയിലെ പ്രാർത്ഥനയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരാളെ തൂണിൽ കെട്ടിയിട്ട് തീകൊളുത്തിയതായി പൊലീസ് പറഞ്ഞു. 20കാരനായ മെഹ്ബൂബ് എന്നയാളെയാണ് തീകൊളുത്തിയതെന്നും ഇയാൾ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
സഹസ്വാൻ ജില്ലയിലെ ഒരു പള്ളിയിലുണ്ടായ തർക്കം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ദാരുണ സംഭവം. ഇസ്ലാംനഗർ പഞ്ചായത്തിലെ മുസ്തഫാബാദിൽ മെഹബൂബും മറ്റ് മൂന്ന് പുരുഷന്മാരും പള്ളിക്കുള്ളിൽ എവിടെ പ്രാർത്ഥിക്കണമെന്നതിനെച്ചൊല്ലി തർക്കിക്കുയായിരുന്നു. വ്യാഴാഴ്ചത്തെ അഭിപ്രായവ്യത്യാസം പള്ളിയിലെ മറ്റുള്ളവർ ഇടപെട്ടതിനെത്തുടർന്ന് താൽക്കാലികമായി പരിഹരിച്ചു. എന്നാൽ വെള്ളിയാഴ്ച, മെഹബൂബ് അതിരാവിലെ പ്രാർത്ഥന നടത്താൻ തിരിച്ചെത്തിയപ്പോൾ, തർക്കം വീണ്ടും ആരംഭിക്കുകയായിരുന്നു. ഇതോടെ സംഭവം അക്രമാസക്തമായി.
മെഹ്ബൂബ് പള്ളിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. ഒരു കയർ ഉപയോഗിച്ച് തൂണിൽ കെട്ടി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കയറുകൾ കത്തി കെട്ടഴിഞ്ഞതോടെ ഗുരുതര പരിക്കേറ്റ മെഹബൂബ് വീട്ടിലേക്ക് ഓടുകയായിരുന്നു. തുടർന്ന് കുടുംബം അദ്ദേഹത്തെ റുഡയാനിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) എത്തിക്കുകയും തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തെ അലിഗഡിലെ ഒരു ഉന്നത മെഡിക്കൽ സ്ഥാപനത്തിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. നിലവിൽ മെഹ്ബൂബ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
സംസ്ഥാന അടിയന്തര ഹെൽപ്പ് ലൈൻ ആയ യുപി -112 വഴിയാണ് പോലീസിന് വിവരം ലഭിച്ചതെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) ഹർദേശ് കതേരിയ പറഞ്ഞു.

















































