തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മതം ആയുധമാക്കി സ്ഥാനാർത്ഥികളെ നിർത്തി കളം പിടിക്കാൻ ബിജെപിയൊരുങ്ങുന്നു. ഇതിനായി മതംനോക്കി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ സംവരണം നൽകാനാണ് തീരുമാനം. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാനാണ് ബിജെപി സർക്കുലറിൽ പറയുന്നത്. സർവ്വേ നടത്തി മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർണയിക്കുകയെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് കണ്ണൂർ ജില്ലാ അധ്യക്ഷൻ കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറാണ് പുറത്തായിരിക്കുന്നത്.
ബിജെപി സംസ്ഥാന നേതൃത്വം ക്രിസ്ത്യൻ സഭകളുമായി അടുക്കുന്നതിൻറെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സർവേ നടത്തിയത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായ ഷോൺ ജോർജിൻറെ നേതൃത്വത്തിലാണ് ഇതിനായി സർവ്വേ നടത്തിയത്. ഗ്രാമ പഞ്ചായത്തുകളിൽ കൃത്യമായ അനുപാതത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ആളുകളെ സ്ഥാനാർത്ഥികളാക്കണം എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് ഇറക്കിയ സർക്കുലറിൽ പറയുന്നത് തദ്ദേശ സ്വയംവരണ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരെ സ്ഥാനാർത്ഥികളാക്കേണ്ടതിൻറെ ആവശ്യകത ബിജെപി സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്, അതിൻറെ ഭാഗമായി നടത്തിയ സർവ്വേയിൽ ക്രിസ്ത്യാനികളെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത് നന്നായിരിക്കും എന്നാണ്.
പുറത്തുവന്ന സർക്കുലറിൽ കണ്ണൂരിലെ മലയോര മേഖലയിലെ 9 പഞ്ചായത്തുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 47 വാർഡുകളിൽ ക്രിസ്ത്യാനികളെ സ്ഥാനാർത്ഥികളാക്കണം എന്നാണ് ബിജെപിയുടെ തീരുമാനം. സ്ഥാനാർത്ഥികളായി എല്ലാ മേഖലയിലും എല്ലാ മതവിഭാഗങ്ങളെയും സമുദായങ്ങളെയും ഉൾപ്പെടുത്തണം എന്നാണ് പാർട്ടിയുടെ തീരുമാനം എന്നാണ് വിഷയത്തിൽ ഷോൺ ജോർജ് പ്രതികരിച്ചത്. മലപ്പുറത്ത് മുസ്ലീങ്ങൾക്ക് മുൻഗണന നൽകണം എന്ന നിർദേശം നൽകിയെന്ന് സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


















































