ഹൈദരാബാദ്: തെലങ്കാനയിൽ ഉറുമ്പുകളെ പേടിച്ച് (മൈർമെകോഫോബിയ) യുവതി ആത്മഹത്യ ചെയ്തു. സംഗറെഡ്ഡി ജില്ലയിലെ വീട്ടിലാണ് 25-കാരി ജീവനൊടുക്കിയത്. നവംബർ നാലിനാണ് സംഭവം നടന്നത്. 2022-ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കുട്ടിക്കാലം മുതൽ സ്ത്രീക്ക് ഉറുമ്പുകളെ ഭയമായിരുന്നുവെന്നും ഇതുസംബന്ധിച്ച് മുമ്പ് കൗൺസിലിംഗ് ലഭിച്ചിരുന്നുവെന്നും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
സംഭവ ദിവസം യുവതി മകളെ ഒരു ബന്ധുവിന്റെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടുപോകാമെന്നാണ് പറഞ്ഞിരുന്നത്. രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
സമീപവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അമീൻപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

















































