ഹരിയാന വോട്ടുചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി കിരൺ റിജുജുവിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യരുടെ പോസ്റ്റ്. എടാ ദ്രോഹി കിരൺ റിജിജു എന്റെ ഗോപാലകൃഷ്ണൻ വ്യാജനാണെന്ന് പറഞ്ഞുകളഞ്ഞ നീയൊന്നും ഗുണം പിടിക്കില്ലെടാ എന്നാണ് സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
എടാ ദ്രോഹി കിരൺ റിജിജു, എന്നാലും എന്റെ ഗോപാലകൃഷ്ണനെ അറിയില്ല, അങ്ങേര് വ്യാജനാണ് എന്ന് പറഞ്ഞു കളഞ്ഞല്ലോടാ ദുഷ്ടാ. നീയൊന്നും ഗുണം പിടിക്കില്ലെടാ 😩
ഹരിയാന വോട്ടുമോഷണ വാർത്താസമ്മേളനത്തിൽ ഓഗസ്റ്റ് 22ന് ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വീഡിയോയും കാണിച്ചിരുന്നു. എന്നാൽ ഈ ആരോപണത്തിന് പിന്നാലെ ഇത് വ്യാജമായി നിർമിച്ച വീഡിയോ ആണെന്നാരോപിച്ച് കിരൺ റിജിജു രംഗത്തെത്തി. വോട്ട് ചൊരിയിലെ പുതിയ വെളിപ്പെടുത്തലിൽ രാഹുൽ ഗാന്ധിക്ക് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
‘ജയിക്കാൻ വേണ്ടി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ഞങ്ങൾ ജമ്മു കാശ്മീരിൽ നിന്നും ആളെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവും ഇല്ല’ – എന്നാണ് ബി ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നത്.
എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളോട് പറയാനുള്ളത് നോ കമൻ്റ്സ് മാത്രമാണെന്നാണ് ബി ഗോപാലകൃഷ്ണന്റെ പുതിയ പ്രതികരണം. രാഹുൽ ഗാന്ധിയോട് സഹതാപം മാത്രമാണെന്നും ബിഗ് സ്ക്രീനിലോ, ഏത് സ്ക്രീനിലോ വേണമെങ്കിലും കാണിക്കട്ടെയെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.


















































