കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിൻറെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. അമ്മ കുഞ്ഞിനെ അമ്മൂമ്മയുടെയടുത്ത് ഏൽപിച്ച് പോയ നേരത്ത് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവ സ്ഥലത്തുനിന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തി.
അതേസമയം കൊലപാതകത്തിൽ അമ്മൂമ്മ റോസ്‌ലി(60)യുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഇവർ മാനസിക വിഭ്രാന്തിയെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു മാസം മുമ്പ് ഓവർഡോസ് മരുന്ന് കഴിച്ച് ആശുപത്രിയിലടക്കം ആയിരുന്നു.
അങ്കമാലി കറുകുറ്റിയിലാണ് സംഭവം. കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ അമ്മൂമ്മക്കായി കുഞ്ഞിൻറെ അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലായിരുന്നു. കുഞ്ഞിന്റെ അലറിക്കരച്ചിൽ കേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തിൽ നിന്ന് ചോര വരുന്ന രീതിയിൽ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. കുഞ്ഞിന്റെ കഴുത്തിലാണ് മുറിവുണ്ടായിരുന്നത്.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിരുന്നു. പിന്നീട് അന്വേഷണം എത്തിനിന്നത് റോസ്‌ലിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു.

















































