തിരുവനന്തപുരം: എസ്എസ്കെ ഫണ്ടിൻറെ ആദ്യ ഗഡുവായി തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപ കേരളത്തിന് ലഭിച്ചു. ഇതിനു പിന്നാലെ രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണ് വിവരം. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെയാണ് സർക്കാരിനു നേട്ടം. കരാറിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. ഇത് നേട്ടമായിരിക്കുകയാണ്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിലെ കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഫണ്ട് കിട്ടിയതോടെ സിപിഐക്കും വിഷയത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിക്കാനാകില്ല. കത്ത് അയക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു. എന്നാൽ ഇതുവരെ കത്ത് അയക്കാതെ കേരളം വൈകിപ്പിക്കുകയായിരുന്നു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനോട് തൽക്കാലം ഏറ്റുമുട്ടൽ വേണ്ടെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. സംസ്ഥാന കൗൺസിലിലാണ് ബിനോയ് വിശ്വം തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും യോജിച്ചു പോകണമെന്ന നിർദേശവും ബിനോയ് വിശ്വം മുന്നോട്ടുവെച്ചു.
അതേസമയം പിഎം ശ്രീയിൽ സർക്കാരിനെ കൊണ്ട് നിലപാട് തിരുത്തിച്ചത് പാർട്ടിയുടെ നേട്ടമെന്നാണ് സിപിഐയുടെ വിശദീകരണം. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറിക്കൊണ്ടുള്ള കത്ത് കേന്ദ്രത്തിന് സംസ്ഥാനം അയക്കുന്നത് ഉറപ്പാക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിനെ കൊണ്ട് തിരുത്തിക്കാനായത് പാർട്ടിയുടെ വലിയ നേട്ടമാണെന്ന് യോഗം വിലയിരുത്തി. യഥാർത്ഥ ഇടതു നിലപാട് ഉയർത്തിപ്പിടിക്കാൻ നേതൃത്വത്തിന് കഴിഞ്ഞെന്നാണ് അഭിനന്ദനം. അതേ സമയം തർക്കത്തിനിടെ എംഎ ബേബിയോട് പ്രകാശ് ബാബുവും ശിവൻകുട്ടിയോടു എഐവൈഎഫും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. അങ്ങോട്ടും ഇങ്ങോട്ടും വാക്പോരുണ്ടായിട്ട് സിപിഐ മാത്രം ഖേദം പറയേണ്ടെന്നായിരുന്നു നിലപാട്.
സർവ ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക നൽകുമെന്ന് കേന്ദ്രം ഇന്നലെ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. അർഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തുവെന്നും അഡീഷണൽ സോളിസിറ്റ് ജനറൽ കോടതിയെ അറിയിച്ചു. അർഹമായ തുക പോലും സംസ്ഥാനത്തിന് നൽകുന്നില്ലെന്നും സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന് സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം കോടതിയിൽ വ്യക്തമാക്കി. ഈക്കാര്യത്തിൽ ജനുവരിക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു. പിന്നാലെയാണ് കേരളത്തിന് ഫണ്ട് ലഭിച്ചത്.














































