തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് സർക്കാർ. കേരളം പുതുയുഗപ്പിറവിയിൽ ആണെന്ന് നിയമസഭയിൽ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രത്യേക സഭാ സമ്മേളനം ബഹിഷ്‌കരിച്ചു.
സഭയോട് സഹകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും പറഞ്ഞു. അതി ദാരിദ്ര കേരളം പ്രഖ്യാപനം തട്ടിപ്പാണെന്ന വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സഭ ചേർന്നത് ചട്ടം ലംഘിച്ചെന്നും പ്രതിപക്ഷം വിമർശിച്ചു. അതോടൊപ്പം സഭാ കവാടത്തിൽ കുത്തി ഇരുന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
എന്നാൽ കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ വസ്തുത ഇല്ല. പ്രതിപക്ഷം ഭയക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. തട്ടിപ്പെന്ന് പറയുന്നത് പ്രതിപക്ഷമാണ്. സ്വന്തം ശീലം കൊണ്ട് പറയുന്നതാണ്. പറഞ്ഞത് എന്തോ അത് നടപ്പാക്കും അതാണ് ഇടത് സർക്കാരിന്റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ 2025-26 ൽ 60 കോടി രൂപ പ്രത്യേകം അനുവദിച്ചു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നത്. ആവശ്യമായ രേഖകൾ എല്ലാം ഇവർക്ക് എത്തിച്ചു. മൂന്നുനേരം ഭക്ഷണത്തിന് കഴിയാത്തവർക്ക് അതുറപ്പാക്കി. 4677 കുടുംബങ്ങൾക്ക് വീട് ആവശ്യമായി വന്നു. ലൈഫ് മിഷൻ മുഖേന വീട് നിർമാണം പൂർത്തിയാക്കി. 2711 കുടുംബങ്ങൾക്ക് ആദ്യം ഭൂമി നൽകി. ഭവന നിർമ്മാണത്തിനു നടപടികൾ സ്വീകരിച്ചു.
2021ൽ ആദ്യ മന്ത്രിസഭയെടുത്ത സുപ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമാർജനം. രണ്ടു മാസത്തിനുള്ളിൽ അത്തരം കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
















































