അംബാല: യുഎസിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇതിൽ 50 പേരും ഹരിയാനക്കാരാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരിൽ പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായും പരാതിയുണ്ട്. 25 മുതൽ 40 വയസു വരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. നാടുകടത്തപ്പെട്ട സംഘം ഞായറാഴ്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 35 മുതൽ 57 ലക്ഷം രൂപ വരെ ഏജന്റുമാർക്കു നൽകി കബളിക്കപ്പെട്ടവരാണു പലരും.
അതേസമയം “കഴുത പാത (Donkey Route)” എന്നറിയപ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലകൾ തകർക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ നടപടികൾ എന്ന് വാഷിംഗ്ടണിലെ ഉദ്യോഗസ്ഥർ പറഞ്ഞു.പോലീസിന്റെ കണക്കനുസരിച്ച്, നാടുകടത്തപ്പെട്ട 50 ഓളം പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. ഇവരിൽ 16 പേർ കർണാലിൽ നിന്നുള്ളവരും, 15 പേർ കൈത്താളിൽ നിന്നുള്ളവരും, 5 പേർ അംബാലയിൽ നിന്നുള്ളവരും, 4 പേർ വീതം യമുനാനഗറിലും കുരുക്ഷേത്രയിലും, മൂന്ന് പേർ ജിന്ദിലും, രണ്ട് പേർ സോണിപട്ടിലും, ഒരാൾ വീതം പഞ്ച്കുല, പാനിപ്പത്ത്, റോഹ്തക്, ഫത്തേഹാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണെന്ന് റിപ്പോർട്ട് എഎൻഐ ചെയ്തു.
ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ യുഎസിൽ കുടിയേറ്റ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയ സാഹചര്യത്തിലാണ് കൂട്ട നാടുകടത്തൽ. മാസങ്ങളായി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐസിഇ ആക്രമണാത്മക റെയ്ഡുകൾ നടത്തിവരികയാണ്. 2025 ഓഗസ്റ്റ് വരെ, ഏകദേശം 1,700 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തിയിരുന്നു, അവരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമാണ്.
















































