ഒരിക്കൽ ഉറച്ചെടുത്ത തീരുമാനങ്ങൾക്കൊക്കെ സിപിഎമ്മിൽ ചാഞ്ചാട്ടമുണ്ടായി തുടങ്ങി. അതിനു തുടക്കം ബിജെപിയോടു കാണിക്കുന്ന മൃതു സമീപനമായിരുന്നു. ഇപ്പോൾ അത് ഒരു പടികൂടി കടന്ന് പിഎം ശ്രീയിലെ ഒപ്പിടൽ വരെയെത്തി. ഇനി അടുത്തു വരാനിരിക്കുന്നത് പൗരത്വ ഭേദഗതി നിയമത്തിലെ നിലപാട് അല്ലെന്നു ആർക്ക് പറയാനാകും.
രാഷ്ട്രീയ കേരളത്തോട് പിണറായി വിജയൻ സർക്കാർ കാട്ടിയ ഏറ്റവും വലിയ വഞ്ചനയാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. പിഎം ശ്രീയിൽ ഒപ്പുവച്ച തീരുമാനത്തെ പ്രതിപക്ഷവും സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും എതിർക്കുമ്പോൾ ഈ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും, സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്ന ഒരേ ഒരു കൂട്ടരേയുള്ളൂ അത് ബിജെപിയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുമെന്നും ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ടെന്നും പറഞ്ഞ് കേരളാ പൊതുസമൂഹത്തെ വെല്ലുവിളിക്കാൻ കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾക്ക് അവസരം ഒരുക്കി കൊടുത്തത് കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാറാണ്. സിപിഐയുടെ വിമർശനത്തെ ‘സിപിഐ കുരയ്ക്കും പക്ഷെ കടിക്കില്ല’ എന്ന പരാമർശത്തിലൂടെ സുരേന്ദ്രൻ അപമാനിക്കുമ്പോഴും സിപിഎം മൗനത്തിൽ തന്നെ തുടരുകയാണ്. പിഎം ശ്രീയിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണിൽ വിത്തു പാകാനായി നിലം ഒരുക്കി കൊടുത്തിരിക്കുകയാണ് സിപിഎം എന്നത് പറയാതെ വയ്യ.
ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്തവനകളെ നാം ഇഴകീറി പരിശോധിക്കേണ്ടതുണ്ട്. കോൺഗ്രസ് തമസ്‌കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയിൽ കുട്ടികളെ പഠിപ്പിക്കണം. നെഹ്റുവിന്റെയും ഇന്ദിരയുടെയും കാര്യങ്ങൾ മാത്രം പഠിച്ചാൽ മതിയോ? അതിനുള്ള സംവിധാനം ഉണ്ടാക്കും എന്ന് പറയുന്നതിനോടൊപ്പം ഹെഡഗേവാറിനെക്കുറിച്ചും സവർക്കറെക്കുറിച്ചും ദീൻ ദയാൽ ഉപാധ്യായയെക്കുറിച്ചും കേരളത്തിലെ സ്‌കൂളുകളിൽ പഠിപ്പിക്കും. ഇതൊക്കെ പഠിക്കാൻ ഇഷ്‌ടമില്ലാത്തവർ പഠിക്കേണ്ട. വി.ഡി. സവർക്കർ രാജ്യദ്രോഹിയല്ല. അക്കാര്യം ഇവിടെ പഠിപ്പിക്കും എന്ന് കൂടി കെ സുരേന്ദ്രൻ കൂട്ടിച്ചേർക്കുമ്പോൾ ബിജെപി പിഎം ശ്രീയുടെ മുന്നോട്ട് വയ്ക്കാൻ ശ്രമിക്കുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം മറനീക്കി പുറത്തുവരികയാണ്. ഇന്ത്യ എന്ന ആശയത്തെ എല്ലാ കാലത്തും തകർക്കാൻ മാത്രം ശ്രമിച്ച സംഘപരിവാർ പാഠപുസ്തകങ്ങളിലേക്ക് കൈ കടത്തുമ്പോൾ നമ്മുടെ ഭാവി തലമുറയുടെ ചിന്താഗതിയാണ് മലിനപ്പെടാൻ പോകുന്നത്. കേരളത്തിൽ അതിനുള്ള സാഹചര്യം ഒരുക്കികൊടുത്തതാകട്ടെ സി.പി.എമ്മും.
വിദ്യാഭ്യാസം എന്നത് കൺകറന്റ് ലിസ്റ്റിലെ വിഷയമായതിനാൽ തന്നെ കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ മുകളിൽ വിദ്യാഭ്യാസം നയം അടിച്ചേൽപ്പിക്കാനാവില്ല എന്നത് ഇന്ത്യയിലെ നീതിപീഠങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ഇത്തരത്തിൽ കേന്ദ്ര സർക്കാരിന്റെ കാവിവൽക്കരണത്തിനെതീരെ പ്രതിരോധം സൃഷ്ടിക്കാനുള്ള സാഹചര്യം ഉണ്ടായിട്ട് കൂടി ബിജെപിയ്ക്ക് വിധേയപ്പെടുന്ന നിലപാട് സി.പി.എം സ്വീകരിക്കുമ്പോൾ അത് സി.പി.എം ബിജെപി ഡീലിന്റെ ഭാഗമായി ആണോ എന്ന സംശയം വളരെ സ്വാഭാവികമാണ്. തമിഴ്നാടിനും പശ്ചിമബംഗാളിനും പിഎം ശ്രീയിൽ ഒപ്പുവയ്ക്കാതെ മാറിനിൽക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് കേരളത്തിനും കഴിയില്ല എന്ന ചോദ്യത്തിന് കേരളാ സർക്കാരിനോ, ഇടതുപക്ഷ മുന്നണിയ്ക്കോ മറുപടിയില്ല. പിൽക്കാലങ്ങളിലെ നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞ്, മുന്നണിയിലെ ഘടക ഘടകകഷികളോ മന്ത്രിസഭയോ അറിയാതെ എന്തിനാണ് വിദ്യാഭ്യാസവകുപ്പ് മന്ത്രി പിഎം ശ്രീയിൽ ഒപ്പുവച്ചത് എന്ന ചോദ്യത്തിന് സിപിഎം – ബിജെപി ധാരണ എന്നല്ലാതെ മറ്റൊരു ഉത്തരവുമില്ല. പിഎം ശ്രീയിൽ ഒപ്പുവയ്ക്കുകയും ദേശീയ വിദ്യാഭ്യാസ നയത്തെ അംഗീകരിക്കുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ സംഘപരിവാർ പ്രസംശയാൽ മൂടുകയാണ്. ആദ്യം എബിവിപി അഭിനന്ദിച്ചു എങ്കിൽ പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ചത് കെ സുരേന്ദ്രനാണ്. ഈ അഭിനന്ദങ്ങളിൽ നിന്ന് തന്നെ പിഎം ശ്രീയിലൂടെ എന്ത് രാഷ്ട്രീയമാണ് ബിജെപി സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്നത് എന്ന് വ്യക്തമാണ്.
കെ സുരേന്ദ്രന്റെ വെല്ലുവിളി ദേശീയ വിദ്യാഭ്യാസ നയത്തിൽ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൗരത്വ രജിസ്റ്ററും സിഎഎയും നടപ്പാകും എന്നും കഴിഞ്ഞ ദിവസം സുരേന്ദ്രൻ പറഞ്ഞിരുന്നു. പിഎംശ്രീ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്ന, ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്ത സിപിഎമ്മാണ് ഇപ്പോൾ നിലപാടുകൾ വിഴുങ്ങി പിഎംശ്രീയിൽ ഒപ്പുവച്ചിരിക്കുന്നത്. ഇത്തരത്തിൽ അവസരവാദപരമായി നിലപാടുകൾ മാറ്റുന്ന സർക്കാർ പൗരത്വ ഭേദഗതി നിയമത്തിലും നിലപാട് മാറ്റില്ലെന്ന് എന്താണ് ഉറപ്പ്? നിലവിൽ ഇത്തരത്തിൽ വെല്ലുവിളിക്കാൻ കെ സുരേന്ദ്രന് അവസരം ഒരുക്കി നൽകിയവരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല.
എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത് ഇടതുപക്ഷ മുന്നണിയുടെ നയങ്ങൾ നടപ്പിലാക്കാനുള്ള സർക്കാരാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത് എന്നായിരുന്നു. എന്നാൽ കെ സുരേന്ദ്രന്റെ പ്രസ്താവന ഇതിനോടൊപ്പം ചേർത്ത് വായിക്കുമ്പോൾ സംഘപരിവാർ നയങ്ങൾ നടപ്പിലാക്കാനുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് വ്യക്തമാകുന്നു എന്ന് പറയേണ്ടി വരും. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമായ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് സ്വാഗതാർഹമാണെന്നും വൈകിവന്ന വിവേകമാണിതെന്നും പറഞ്ഞത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറായിരുന്നു. രണ്ടുലക്ഷം കോടി രൂപ ചിലവിടുന്ന സംസ്ഥാന സർക്കാർ 1,500 കോടി രൂപയ്ക്ക് വേണ്ടിയല്ല പദ്ധതിയുടെ ഭാഗമായത്. പിഎം ശ്രീയിൽ എന്താണ് കുഴപ്പമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അതിന് തെളിവാണ് എന്ന ബിജെപി അധ്യക്ഷൻ പറയുമ്പോൾ ബിജെപി സിപിഎം ധാരണകളുടെ കാണാപ്പുറങ്ങളാണ് അത് തുറന്നുകാട്ടുന്നത്. 1500 കോടിക്ക് വേണ്ടിയാണ് പദ്ധതിയുടെ ഭാഗമായത് എന്ന് സിപിഎം പറയുമ്പോൾ അങ്ങനെ എങ്കിൽ എന്തിനാണ് പദ്ധതിയെ പറ്റിയുള്ള നിലപാട് മാറ്റിയത് എന്ന ബിജെപിയുടെ ചോദ്യം പൊതുജനത്തിന് കാര്യങ്ങളെ പച്ചവെള്ളം പോലെ ബോധ്യപ്പെടുത്തി നൽകുന്നുണ്ട്.
സംഘപരിവാറിനെതിരെയുള്ള ബദലാണ് ഇടതുപക്ഷം എന്ന് മുദ്രാവാക്യം വിളിച്ച ഇടത്തുനിന്നും സംഘപരിവാറിന് കേരളത്തിൽ വേരൂന്നാനുള്ള വഴിയാണ് ഇടതുപക്ഷം എന്നതിലേക്ക് സിപിമ്മിന്റെ പ്രവർത്തികൾ മാറിയിരിയ്ക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുണ്ടാക്കിയ അവിശുദ്ധ കൂട്ടുക്കെട്ടിന്റെ ഭാഗമാണ് പിഎം ശ്രീ പദ്ധതിയിലെ നിലപാടുമാറ്റം എന്നതാണ് പ്രതിപക്ഷ ആരോപണം. കോൺഗ്രസ് തിരസ്കരിച്ച ചരിത്രം ഞങ്ങൾ പഠിപ്പിക്കും എന്ന പറയുമ്പോൾ ആ ചരിത്രം ആർ.എസ.എസിന്റെയും സവർക്കറുടെയും എല്ലാം ചരിത്രമാണ് എന്ന് നാം ഓർക്കേണ്ടതുണ്ട്. സർക്കാർ തീരുമാനത്തെ കേരളം മുഴുവൻ എതിർക്കുമ്പോൾ കയ്യടിക്കുന്നത് ബിജെപിയും ആർ.എസ്.എസും മാത്രമാണ് എന്ന വസ്തുത മതേതര കേരളം ഗൗരവത്തോടെ നോക്കികാണേണ്ടതുണ്ട്. മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ, പ്രതിപക്ഷ-സഖ്യകക്ഷി വിമർശങ്ങളെ വകവയ്ക്കാതെ ബിജെപിയെ സന്തോഷിപ്പിക്കുന്ന തീരുമാനം എന്തിനാണ് സർക്കാർ കൈകൊണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സിപിഎമ്മിന് കഴിയാത്ത കാലത്തോളം സിപിഎം ബിജെപി അവിശുദ്ധകൂട്ടുകെട്ട് എന്നത് യാഥാർഥ്യമായി തന്നെ ഇവിടെ നിലനിൽക്കും.

















































