പട്ന: ഭൂമിക്കടിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണശേഖരം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബിഹാർ ഖനനത്തിനൊരുങ്ങുന്നു. 222.8 ദശലക്ഷം ടൺ സ്വർണ അയിര് ബിഹാറിൽ ഭൂമിക്കടിയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവിടം ഖനനത്തിനൊരുങ്ങുകയാണ് സംസ്ഥാനം.
നിയമസഭാ പോര് കടുത്തിരിക്കെയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ കണ്ടെത്തിയ സ്വർണശേഖരത്തിനായി ഖനനത്തിനൊരുങ്ങുന്നത്. 2022ൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തുടർന്ന് പരിശോധനകൾ നടത്തിവരികയായിരുന്നു. ഇപ്പോൾ ഖനനടപടികളിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ഇന്ത്യയുടെ ആകെ കരുതൽ സ്വർണശേഖരത്തിന്റെ 44 ശതമാനത്തോളം വരുമിതെന്നാണ് കണക്കാക്കപ്പെടുന്നത്.
ബിഹാറിലെ ജമൂയി ജില്ലയിലാണ് ഇത്രയും വലിയ സ്വർണശേഖരം ഭൂമിക്കടിയിലുള്ളതായി പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. പഠനങ്ങൾ പ്രകാരം ഇത് ബിഹാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് വിവരം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ദേശീയ മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച് വൈകാതെ തന്നെ ഖനനം ആരംഭിക്കുമെന്നാണ് ബിഹാർ അഡീഷണൽ ചീഫ് സെക്രട്ടറിയും മൈൻസ് കമ്മിഷണറുമായ ഹർജോത് കൗർ ബംറ പറഞ്ഞത്. തിരിച്ചറിഞ്ഞ ചില മേഖലകളിൽ വൈകാതെ തന്നെ പര്യവേക്ഷണംനടത്തിയേക്കുമെന്നും കൂട്ടിച്ചേർത്തു.
ജമുയി ജില്ലയിലെ കർമതിയ, ജാഝ, സോനോ മേഖലകളിലാണ് നിലവിൽ സ്വർണ അയിര് ഉണ്ട് എന്ന് പഠനങ്ങളിൽ തെളിഞ്ഞിരിക്കുന്നത്. സാങ്കേതിക വിലയിരുത്തലുകൾ പൂർത്തിയാക്കി കരാറുകൾ ഒപ്പുവെച്ചു കഴിഞ്ഞാൽ ഈ പ്രദേശങ്ങളിൽ ഉടൻ തന്നെ വൻതോതിലുള്ള പര്യവേക്ഷണം നടക്കുമെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവുമധികം സ്വർണശേഖരം ഉണ്ട് എന്ന് വിലയിരുത്തപ്പെടുന്നത് ബിഹാറിലാണെന്ന് കേന്ദ്ര ഖനിവ്യവസായമന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ പാർലമെന്റിൽ പറഞ്ഞിരുന്നു. ആകെ 501.83 ദശലക്ഷം ടൺ സ്വർണ അയിരുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയും ബിഹാറിലാണെന്നാണ് മന്ത്രി പറഞ്ഞത്.
ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം ഉത്പാദിപ്പിക്കുന്നത് കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്) ഉൾപ്പെടുന്ന കർണാടകയിലാണ്. ദേശീയ ഉത്പാദനത്തിന്റെ 99 ശതമാനം ആണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നത്. എന്നാൽ മണ്ണിനടിയിൽ ഖനനം കാത്തുകിടക്കുന്ന സ്വർണത്തിന്റെ കണക്കെടുത്താൽ 44 ശതമാനം വിഹിതവുമായി മുന്നിൽ ബിഹാർ ആണ്. രാജസ്ഥാൻ 25 ശതമാനം, കർണാടക 21 ശതമാനം, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് 3 ശതമാനം വീതം, ജാർഖണ്ഡ്- 2 ശതമാനം എന്നിങ്ങനെയാണ്. ബാക്കി രണ്ട് ശതമാനം- ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ആണ്.















































