ചങ്ങനാശേരി: ശബരിമല സ്വർണക്കവർച്ചക്കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബു പെരുന്നയിൽ നിർമിച്ച വീടിനെ ചുറ്റിപ്പറ്റിയും അന്വേഷണം. രണ്ടു കോടി മുതൽ മുടക്കിൽ നിർമിച്ച വീടിന്റെ സാമ്പത്തികസ്രോതസിനെ സംബന്ധിച്ചും നിർമാണത്തിനാവശ്യമായ തടികൾ എത്തിച്ചതു സംബന്ധിച്ചുമാണ് അന്വേഷണം നടക്കുന്നത്.
മുരാരി ക്ഷേത്രാവശ്യങ്ങൾക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് വീടുപണിക്കുള്ള തേക്കുതടികൾ വാങ്ങിയതെന്നു സൂചനയുണ്ട്. തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികൾക്കായി തേക്കുതടികൾ ആദ്യം ആവശ്യപ്പെട്ടത് വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണ്.അവിടെ സ്റ്റോക്കില്ലെന്നു പറഞ്ഞതോടെ പരിചയക്കാരന്റെ ഡിപ്പോയിൽനിന്ന് ഏർപ്പാടാക്കാൻ മുരാരി ബാബു ആവശ്യപ്പെട്ടു. തുടർന്നു വനം ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞതനുസരിച്ച് ഈ ഡിപ്പോയിൽനിന്നു നൽകി.
അതേസമയം തിരുനക്കരയിലും ഏറ്റുമാനൂരിലും ഈ സമയത്ത് ഇത്രയധികം തടിപ്പണികൾ നടന്നിട്ടില്ലെന്നു ദേവസ്വം മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറേനടയിലെ കട്ടിള മാറാനായി പാഴ്ത്തടിയാണ് എത്തിച്ചത്. ഉപദേശകസമിതി എതിർത്തതിനാൽ പണി നടത്തിയില്ല. മാത്രമല്ല പെരുന്നയിൽ 2 നിലകളുള്ള വലിയ വീട് 2019നു ശേഷമാണ് പണിതത്. ഒന്നരവർഷം കൊണ്ടു പണിതീർത്തു.
ഇതിനിടെ ശബരിമലയിൽനിന്നു സ്വർണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇന്നലെ പെരുന്നയിലെ വീട്ടിൽ പരിശോധന നടത്തി. വീടിനു മാത്രം രണ്ടി കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. മുന്തിയ തടി ഉരുപ്പടികൾ പാകിയിട്ടുണ്ട്. ഈ വീട്ടിൽനിന്നാണു ബുധനാഴ്ച രാത്രി മുരാരി ബാബുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.















































