ന്യൂഡൽഹി: ഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാന് നല്ല രാശിയാ… കിട്ടുന്നതെല്ലാം എട്ടിന്റെ പണി. ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കി പാക്കിസ്ഥാന് വെള്ളം നൽകുന്നത് തടഞ്ഞ അതേ മാതൃക പിന്തുടരാൻ അഫ്ഗാനിസ്ഥാനും. കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് എത്രയും വേഗം തടയാൻ അഫാഗാനിലെ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൽ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അതിർത്തിമേഖലയിൽ നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് നീക്കം.
പുതിയ ഡാം നിർമാണത്തിനായി വിദേശ കമ്പനികളെ കാത്തിരുന്ന് സമയം കളയാതെ ആഭ്യന്തര കമ്പനികളുമായി ചർച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബ്രോഗിൽചുരത്തോട് ചേർന്നുള്ള ഹിന്ദുകുഷ് പർവതനിരകളിൽ നിന്നാണ് കുനാർ നദി ഉദ്ഭവിക്കുന്നത്. പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കുമെന്ന് ഉറപ്പ്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയിരുന്നു. ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിൽ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതിനെത്തുടർന്നായിരുന്നു മൂന്ന് നദികളുടെ ജലം പങ്കിടുന്ന സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചത്.















































